ദില്ലി: അമേരിക്കയിൽ മതിയായ രേഖകൾ ഇല്ലാതെ കഴിഞ്ഞ ഇന്ത്യക്കാരുമായുള്ള അമേരിക്കൻ സൈനിക വിമാനം ഇന്നെത്തുമെന്നിരിക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായി പഴയ ചിത്രം. വരും ദിവസങ്ങളിൽ കൂടുതൽ കൂട്ട നാടുകടത്തലുകളിലേക്ക് ട്രംപ് സർക്കാർ നീങ്ങുകയാണെന്ന് റിപ്പോർട്ടുകൾ വരുന്നതിനിടയിലാണ് ഗ്വാട്ടിമാലയിൽ നിന്നുള്ള അനധികൃത താമസക്കാരുടെ ചിത്രങ്ങൾ വൈറലാവുന്നത്. കൈകളിലും കാലുകളിലും വിലങ്ങുകൾ അണിഞ്ഞ നിലയിൽ മാസ്ക് ധരിച്ച ആളുകൾ ടെക്സാസിലെ എൽ പാസോയിലെ ഫോർട്ട് ബ്ലിസിൽ അമേരിക്കൻ സൈനിക വിമാനത്തിനുള്ളിൽ ഇരിക്കുന്ന ദൃശ്യങ്ങളാണ് വ്യാപക ചർച്ചയാവുന്നത്. ജനുവരി അവസാനവാരമാണ് 80 അനധികൃത കുടിയേറ്റക്കാരെ അമേരിക്ക ഗ്വാട്ടിമാലയിലേക്ക് തിരികെ അയച്ചത്.