കാനഡയ്ക്ക് മുകളിൽ യു എസ് നികുതി ഭീഷണി നിലനിൽക്കെ കനേഡിയൻ ഉൽപ്പനങ്ങൾ മാത്രം വാങ്ങുക എന്ന വികാരം വ്യാപകമാകുന്നതായി റിപ്പോർട്ട്. പ്രമുഖ ഗ്രോസറി ശൃംഖലയായ ലോബ്ലോ കമ്പനീസ് ലിമിറ്റഡ് കാനഡയിൽ കൃഷി ചെയ്തുണ്ടാക്കിയതും നിർമ്മിച്ചതുമായ ഉല്പ്പന്നങ്ങൾക്ക് പ്രാമുഖ്യം നല്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മെക്സിക്കോയും താരിഫ് ഭീഷണി നേരിടുന്നതിനാൽ, ലോബ്ലാവ് സാധാരണയായി യുഎസിൽ നിന്ന് വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് മെക്സിക്കൻ ബദലുകൾ തേടുമെന്ന് കമ്പനി സിഇഒ പെർ ബാങ്ക് പറഞ്ഞു. അതേസമയം, കാനഡ, യുഎസ്, മെക്സിക്കോ എന്നിവിടങ്ങളിൽ പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചില സവിശേഷ ഫീച്ചറുകൾ തൻ്റെ കമ്പനിയുടെ ഷോപ്പ് ആപ്പിൽ കൊണ്ടുവരുമെന്ന് ഷോപ്പിഫൈ സിഇഒ ടോബി ലുട്ട്കെയും വാഗ്ദാനം ചെയ്യുന്നുണ്ട്. കാനഡയിൽ നിന്നുള്ള ഉല്പ്പന്നങ്ങൾക്ക് കൂടുതൽ നികുതി ചുമത്താനുള്ള അമേരിക്കൻ തീരുമാനത്തെ തുടർന്നാണ് കനേഡിയൻ ഉല്പ്പന്നങ്ങൾ വാങ്ങുകയെന്ന വികാരം ശക്തമായത്. എന്നാൽ അധിക നികുതി ചുമത്താനുള്ള തീരുമാനം അമേരിക്ക തല്ക്കാലത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.