അമേരിക്കയുടെ അധിക നികുതിയടക്കമുള്ള വെല്ലുവിളികൾ നേരിടാൻ കാനഡയിലെ വിവിധ പ്രവിശ്യകൾ തമ്മിലുള്ള ആഭ്യന്തര വ്യാപാരം ശക്തിപ്പെടുത്തുകയാണ് ആദ്യം വേണ്ടെതെന്ന് കൺസർവേറ്റീവ് പാർട്ടി അധ്യക്ഷൻ പിയറി പൊലിവർ. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള തടസ്സങ്ങൾ നീക്കാൻ നടപടിയെടുക്കണമെന്നും പൊലിവർ ആവശ്യപ്പെട്ടു.
നമ്മുടെ ഏറ്റവും വലിയ പുതിയ വ്യാപാര പങ്കാളി കാനഡ തന്നെയായിരിക്കും, സാമൂഹ്യ മാധ്യനത്തിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലൂടെ പിയറി പൊലിവർ പറഞ്ഞു. വിവിധ പ്രവിശ്യകൾ തമ്മിലുള്ള വ്യാപാരം വലിയ തോതിൽ വർധിപ്പിക്കാൻ നടപടികളെടുക്കും. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൻ കാനഡയിലെ ആഭ്യന്തര വ്യാപാര കരാറുകളിൽ മാറ്റം വരുത്തും. പ്രധാനമന്ത്രിയായി സ്ഥാനമേറ്റാൽ 30 ദിവസത്തിനകം എല്ലാ പ്രവിശ്യാ പ്രീമിയർമാരുമായി കൂടിക്കാഴ്ച നടത്തി വ്യാപാര തടസ്സങ്ങൾ സൃഷ്ടിക്കുന്ന വ്യവസ്ഥകൾ ഒഴിവാക്കും, പിയറി പൊലിവർ പറഞ്ഞു.
ആഭ്യന്തര വ്യാപാരത്തിന് വെല്ലുവിളികളുയർത്തുന്ന വ്യവസ്ഥകൾ എടുത്ത് കളഞ്ഞാൽ തന്നെ കാനഡയുടെ ജിഡിപിയിൽ 200 ബില്യൻ ഡോളറിൻ്റെ വർധനയുണ്ടാകുമെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് ബിസിനസ് നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.