കാനഡയിൽ നിന്നുള്ള ഉല്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മരവിപ്പിച്ചു. ഒരു മാസത്തേക്കാണ് ഇറക്കുമതി തീരുവ ചുമത്തൽ നടപടി മരവിപ്പിച്ചത്. മെക്സിക്കോയ്ക്ക് പ്രഖ്യാപിച്ച തീരുവയും, കഴിഞ്ഞ ദിവസം ട്രംപ് മരവിപ്പിച്ചിരുന്നു.
അതിർത്തി സുരക്ഷ വർധിപ്പിക്കണമെന്ന യുഎസിൻ്റെ ആവശ്യം കാനഡ അംഗീകരിച്ചതോടെയാണ് ട്രംപിൻ്റെ താൽകാലിക പിന്മാറ്റം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെക്സിക്കോയ്ക്കും കാനഡക്കും എതിരെ ചുമത്തിയിരുന്ന 25 ശതമാനം ഇറക്കുമതി തീരുവ ഇന്ന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് ട്രംപിൻ്റെ പുതിയ നീക്കം. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ഡൊണാൾഡ് ട്രംപ് നടത്തിയ ഫോൺ സംഭാഷണങ്ങളെ തുടർന്നാണ് ഇറക്കുമതി തീരുവ ചുമത്തൽ നടപടി മരവിപ്പിച്ചത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് 10,000 സൈനികരെ അയയ്ക്കാന്‍ മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയോ ഷെയിന്‍ബോം സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ 25 ശതമാനം അധിക നികുതി ഈടാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതോടെ ആഗോള ഓഹരി വിപണികള്‍ ഇടിഞ്ഞിരുന്നു. ആഗോളതലത്തില്‍ വ്യാപാര യുദ്ധമുണ്ടാകുമെന്ന് ഭയമുണ്ടായതിന് പിന്നാലെയായിരുന്നു ഇത്.