പാഴ്‌സല്‍ മോഷ്ടിക്കാന്‍ ശ്രമിച്ച പോര്‍ച്ച് പൈറേറ്റുകളെ പിന്തുടര്‍ന്ന് ഓടിച്ച് കാല്‍ഗറി സ്വദേശിനി 

By: 600002 On: Feb 4, 2025, 11:46 AM

 


വീടിന് മുന്നില്‍ ഓണ്‍ലൈന്‍ പാഴ്‌സല്‍ മോഷ്ടിക്കാന്‍ വന്ന കള്ളന്മാരെ പിന്തുടര്‍ന്ന് ഓടിച്ച് കാല്‍ഗറി സ്വദേശിനി. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. ഞായറാഴ്ച നോര്‍ത്ത്‌വെസ്റ്റ് കാല്‍ഗറിയിലുള്ള വീട്ടിലാണ് സംഭവം നടന്നത്. വീടിന്റെ മുന്‍വശത്തേക്ക് അപരിചിതനായൊരാള്‍ വരുന്നതും ഡെലിവറി ചെയ്ത പാഴ്‌സല്‍ എടുക്കാന്‍ ശ്രമിക്കുന്നതും ഡോര്‍ബെല്‍ ക്യാമറയില്‍ പതിഞ്ഞു. ഇത് കണ്ടതും ഡാനിയേലെ മക്‌ഫെഴ്‌സണ്‍ മോഷ്ടാവിനെ പിന്നാലെ ഓടി. പെട്ടെന്നുള്ള നടപടി മോഷ്ടാവിനെ ഞെട്ടിക്കുകയും പാഴ്‌സല്‍ ഉപേക്ഷിച്ച് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി രക്ഷപ്പെടാനും നിര്‍ബന്ധിതനാക്കി. പാഴ്‌സല്‍ തട്ടിയെടുക്കാന്‍ വന്നയാളും കാറ് ഓടിച്ചിരുന്ന മറ്റൊരാളും രക്ഷപ്പെടുന്നത് ഫൂട്ടേജില്‍ ദൃശ്യമാണ്. 

കാറിന്റെ നമ്പര്‍ പ്ലേറ്റ് മനസ്സിലാക്കിയ മക്‌ഫെഴ്‌സണ്‍ പാഴ്‌സല്‍ തിരികെ എടുത്ത് വീട്ടിലേക്ക് മടങ്ങി. സംഭവത്തെക്കുറിച്ച് പോലീസില്‍ മക്‌ഫെഴ്‌സണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.