ചില ആളുകള്‍ പറയുന്നു ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യണം, ചിലരുടെ അഭിപ്രായപ്രകാരം ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണം. എന്നാല്‍ ഇതൊന്നുമല്ല, ആഴ്ചയില്‍ 120 മണിക്കൂര്‍ ജോലി ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഗോള സമ്പന്നനും ടെസ്‌ല ഉടമയുമായ ഇലോണ്‍ മസ്ക്. ഇതിന് മസ്ക് ഉദാഹരണമായി എടുത്തുകാണിക്കുന്നത് ഡോജിയെയാണ്. അമേരിക്കന്‍ പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നശേഷം അനാവശ്യ ചെലവുകള്‍ കുറയ്ക്കാനും സര്‍ക്കാരിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമായി ആരംഭിച്ച വകുപ്പാണ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എഫിഷ്യന്‍സി അഥവാ ഡോജി. ആഴ്ചയില്‍ 120 മണിക്കൂറും അഥവാ പ്രതിദിനം ശരാശരി 17 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നവരാണ് ഡോജിയിലെ ജീവനക്കാരെന്ന് ഇലോണ്‍ മസ്ക് പറഞ്ഞു. ഇങ്ങനെ ജോലി ചെയ്യാത്തത് കൊണ്ടാണ് തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ വളരെ പെട്ടെന്ന് തന്നെ പരാജിതര്‍ ആയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോജി വകുപ്പിന് നേതൃത്വം നല്‍കുന്നത് ഇലോണ്‍ മസ്കാണ്.
മസ്കിന്‍റെ പരാമര്‍ശത്തിന് എതിരെ വലിയ രോഷമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്. ജോലിയും വ്യക്തിജീവിതവും ഒരുമിച്ചു കൊണ്ടു പോകുന്നതിന് മസ്ക്കിന്‍റെ നിര്‍ദ്ദേശം ഗുണകരമല്ല എന്നാണ് ഭൂരിപക്ഷം പേരും വാദിക്കുന്നത്. കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുവന്നത് അവരുടെ കഴിവില്ലായ്മയെയും ഉല്‍പാദനക്ഷമതയിലെ കുറവിനെയുമാണ് സൂചിപ്പിക്കുന്നത് എന്നാണ് ഇവരുടെ വാദം. അനുമതിയില്ലാതെ അധികസമയം ജോലി ചെയ്യിക്കുന്നത് നിയമവിരുദ്ധമാണെന്നും അങ്ങനെയെങ്കില്‍ സര്‍ക്കാരിന്‍റെ വകുപ്പായ ഡോജിയിലെ ജീവനക്കാര്‍ എങ്ങനെയാണ് ഇത്രയധികം സമയം ജോലി ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്നും പലരും ആവശ്യപ്പെട്ടു.
പാഴ്ചെലവുകളും ഉദ്യോഗസ്ഥ ദുഷ്പഭുത്വവും ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് ഡോജി സ്ഥാപിക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. ഡോജി അധിക നിയന്ത്രണങ്ങള്‍ വെട്ടിക്കുറയ്ക്കുകയും പാഴ് ചെലവുകള്‍ ഇല്ലാതാക്കുകയും ഫെഡറല്‍ ഏജന്‍സികളെ പുനഃക്രമീകരിക്കുകയും ചെയ്ത് പുതിയ ഭരണകൂടത്തിന് വഴിയൊരുക്കുമെന്നാണ് മസ്കിന്‍റെ അവകാശവാദം