ആല്‍ബെര്‍ട്ടയില്‍ അതിശൈത്യ മുന്നറിയിപ്പ്;- 50  ഡിഗ്രി സെല്‍ഷ്യസിനടുത്ത് തണുത്ത കാറ്റ് വീശും 

By: 600002 On: Feb 4, 2025, 8:25 AM

 

 

അസ്ഥികളെ പോലും മരവിപ്പിക്കുന്ന തണുപ്പാണ് ആല്‍ബെര്‍ട്ടയില്‍ അനുഭവപ്പെടാന്‍ പോകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ടയുടെ ചില ഭാഗങ്ങളില്‍ -45 മുതല്‍ -50 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടുന്ന തണുത്ത കാറ്റായിരിക്കും വീശിയടിക്കുകയെന്നാണ് എണ്‍വയോണ്‍മെന്റ് കാനഡയുടെ പ്രവചനം. അതികഠിനമായ തണുപ്പുള്ളതിനാല്‍ വീടിന് പുറത്ത് ഇറങ്ങുന്നവര്‍ സൂക്ഷിക്കണമെന്നും തണുപ്പിനെ അതിജീവിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. തണുപ്പില്‍ നിന്നും സുരക്ഷിതമായിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കൂടുതല്‍ നേരം തണുപ്പില്‍ നില്‍ക്കാതെ നോക്കണമെന്നും എഎച്ച്എസ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ്(EMS) പബ്ലിക് എജ്യുക്കേഷന്‍ ഓഫീസര്‍ സ്റ്റുവര്‍ട്ട് ബ്രൈഡോക്‌സ് പറഞ്ഞു. 

എഡ്മന്റണില്‍ തിങ്കളാഴ്ച -34 ഡിഗ്രി സെല്‍ഷ്യസും അര്‍ധരാത്രിയില്‍ ഇത് -40 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമെന്നായിരുന്നു പ്രവചനം. അതേസമയം, കാല്‍ഗറിയില്‍ -32 ഡിഗ്രി സെല്‍ഷ്യസും രാത്രിയില്‍ -37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. കാല്‍ഗറിയില്‍ അതിശൈത്യ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. വ്യാഴാഴ്ചയോടെ എഡ്മന്റണ്‍, കാല്‍ഗറി, റെഡ്ഡീര്‍, ലെത്ത്ബ്രിഡ്ജ് എന്നിവടങ്ങളില്‍ -7 ഡിഗ്രി സെല്‍ഷ്യസിനും -10 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും തണുപ്പ് അനുഭവപ്പെടുക എന്നാണ് പ്രവചനം. എന്നാല്‍ വാരാന്ത്യത്തില്‍ ഇത് വീണ്ടും -15 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ആല്‍ബെര്‍ട്ടയിലുടനീളം അതിശൈത്യം നിലനില്‍ക്കുന്നതിനാല്‍ ജലവിതരണ പൈപ്പുകളില്‍ തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, ആല്‍ബെര്‍ട്ടയിലെ വിമാനയാത്രക്കാര്‍ക്ക് ഔദ്യോഗിക മുന്നറിയിപ്പുകളൊന്നുമില്ലെങ്കിലും കനത്ത മഞ്ഞുവീഴ്ചമൂലം വിമാനങ്ങള്‍ വൈകുന്നതിന് കാരണമായേക്കാം. അതിനാല്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനങ്ങളുടെ അപ്‌ഡേറ്റ്‌സ് പരിശോധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.