ട്രംപ് ഭരണകൂടം ചുമത്തിയ നികുതിക്ക് പകരമായി 15,500 കോടി കനേഡിയൻ ഡോളർ മൂല്യം വരുന്ന യു.എസ്. ഉത്പന്നങ്ങൾക്ക് 25 ശതമാനം അധികനികുതി ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അതിൽ 3000 കോടി കനേഡിയൻ ഡോളറിൻ്റെ ഉത്പന്നങ്ങൾക്കുള്ള നികുതി ചൊവ്വാഴ്ച നിലവിൽവരും. 12,500 കോടി കനേഡിയൻ ഡോളറിൻ്റെ ഉത്പന്നങ്ങൾക്ക് 21 ദിവസത്തിനുശേഷമാകും നികുതി ചുമത്തുക.
കാനഡ നികുതി ചുമത്താൻ ഉദ്ദേശിച്ച ഉൽപ്പന്നങ്ങളിൽ ചർമ്മസംരക്ഷണം, മദ്യം, വസ്ത്രം, ഭക്ഷണം എന്നിവ ഉൾപ്പെടുന്നു. ബിസിനസുകൾക്ക് ഈ താരിഫുകളിൽ നിന്ന് ഇളവിന് അഭ്യർത്ഥിക്കാം. ഇതിലൂടെ താരിഫുകളെ എതിർക്കാൻ പ്രധാന യുഎസ് പങ്കാളികളെ സമ്മർദ്ദത്തിലാക്കുക എന്നതാണ് ലക്ഷ്യം. മെക്സിക്കോയും പ്രതികാര താരിഫുകൾ ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോർട്ട്. എന്നാൽ ധൃതിപിടിച്ച് പ്രതികരിക്കേണ്ട എന്ന നിലപാടിലാണ് മെക്സിക്കോ . പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കാനഡ അമേരിക്കക്കൊപ്പം നിന്നിട്ടുണ്ടെന്നുള്ള കാര്യം ഓർക്കണമെന്നും അമേരിക്കയെ സുവർണകാലഘട്ടത്തിലേക്ക് നയിക്കാനുള്ള മികച്ച വഴി കാനഡയുമായുള്ള പങ്കാളിത്തമാണെന്നും ട്രൂഡോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താരിഫുകൾ എങ്ങനെ നടപ്പാക്കണം എന്ന് ഇറക്കുമതിക്കാരെ അറിയിക്കുന്നതിനായി കാനഡയുടെ ബോർഡർ സർവീസസ് ഏജൻസി ഉടൻ തന്നെ ഒരു കസ്റ്റംസ് നോട്ടീസ് പുറപ്പെടുവിക്കും. ഇതിനകം തന്നെ കയറ്റുമതി ചെയ്യപ്പെട്ട ഉല്പ്പന്നങ്ങൾക്ക് താരിഫ് ബാധകമായിരിക്കില്ല. അതിനിടെ ജങ്ങളോട് പരമാവധി കനേഡിയൻ ഉല്പ്പന്നങ്ങൾ വാങ്ങണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.