താരിഫ് ഭീഷണി: ആല്‍ബെര്‍ട്ടയിലെ കര്‍ഷകര്‍ ആശങ്കയില്‍; ബീഫ്, കനോല കയറ്റുമതി പ്രതിസന്ധിയിലാകും 

By: 600002 On: Feb 3, 2025, 11:09 AM

 


കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോടെ നിരാശയിലായിരിക്കുകയാണ് കാനഡയിലെ കൃഷിക്കാര്‍. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് ട്രംപിന്റെ ഭീഷണി വലിയ ആഘാതമാണ് സൃഷ്ടിക്കുകയെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. തങ്ങള്‍ നിരാശരാണെന്നും തങ്ങളുടെ ബിസിനസിനെ താരിഫ് ഭീഷണി എത്രത്തോളം ബാധിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ആല്‍ബെര്‍ട്ടയിലെ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് പറയുന്നു. 

എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും താരിഫ് ചുമത്തിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് അതിര്‍ത്തിക്കപ്പുറത്തേക്ക് വലിയ തോതില്‍ കയറ്റുമതി ചെയ്യുന്ന ബീഫ്,കനോല തുടങ്ങിയ ഉല്‍പ്പന്നങ്ങളെയായിരിക്കുമെന്നാണ് നിരീക്ഷണം. ഇവയുടെ കയറ്റുമതിയെ ആശ്രയിക്കുന്ന ബിസിനസ്സുകളെ ഇത് സാരമായി ബാധിക്കും. ആല്‍ബെര്‍ട്ടയിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. 2023 ല്‍ ഏകദേശം 8.8 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നതെന്നാണ് കണക്കുകള്‍. താരിഫുകള്‍ പ്രാബല്യത്തിലാകുന്നതോടെ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്നും അമേരിക്കക്കാര്‍ വലിയ തോതില്‍ പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ചെലവ് വര്‍ധിപ്പിക്കുകയും ഈ മേഖലയ്ക്ക് അസ്ഥിരത സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആശങ്കപ്പെടുത്തുന്ന സാഹചര്യമായതിനാല്‍ കര്‍ഷകര്‍ക്കിടയില്‍ കൂട്ടത്തോടെയുള്ള പിന്‍വലിയല്‍ മനോഭാവം കാണുന്നതായി ആല്‍ബെര്‍ട്ട കനോല ചെയര്‍ ആന്ദ്രെ ഹാര്‍പ് പറഞ്ഞു. അതേസമയം, താരിഫുകളില്‍ നിന്ന് ഇളവ് തേടുമെന്നും താരിഫിന്റെ ആഘാതം സൃഷ്ടിക്കുന്ന കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും റിലീഫ് സപ്പോര്‍ട്ടുകള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും കനേഡിയന്‍ ക്യാറ്റില്‍ അസോസിയേഷന്‍(സിസിഎ), നാഷണല്‍ ക്യാറ്റില്‍ ഫീഡേഴ്‌സ് അസോസിയേഷനും(എന്‍സിഎഫ്എ) സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.