ഫ്‌ളൈറ്റ് വൈകുമ്പോള്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന റീഫണ്ടില്‍ കൃത്രിമം കാണിക്കരുതെന്ന് വെസ്റ്റ്‌ജെറ്റിനോട് ഉത്തരവിട്ട് ബീസി സുപ്രീംകോടതി 

By: 600002 On: Feb 3, 2025, 10:10 AM

 

ഫ്‌ളൈറ്റ് റദ്ദാക്കുമ്പോഴോ കാലതാമസം നേരിട്ടാലോ റിഫണ്ട് നല്‍കുന്നതിന് നിശ്ചിത തുക പരിധിയുണ്ടെന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കുന്നത് നിര്‍ത്തണമെന്ന് വെസ്റ്റ്‌ജെറ്റിനോട് ഉത്തരവിട്ട് ബീസി സുപ്രീംകോടതി. ഇത് സംബന്ധിച്ച ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ കോടതി പുറപ്പെടുവിച്ചു. കണ്‍സ്യൂമര്‍-അഡ്വക്കസി ഗ്രൂപ്പായ എയര്‍ പാസഞ്ചര്‍ റൈറ്റ്‌സും(APR) വെസ്റ്റ്‌ജെറ്റും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന കേസിന്റെ വിചാരണയ്‌ക്കൊടുവിലാണ് കോടതിയുട ഉത്തരവ് വരുന്നത്. എപിആര്‍ പ്രസിഡന്റും സ്ഥാപകനുമായ ഗബോര്‍ ലൂക്കാക്‌സ് ഈ ഉത്തരവിനെ യാത്രക്കാരുടെ അവകാശങ്ങള്‍ക്കായുള്ള വമ്പന്‍ വിജയമായി വിശേഷിപ്പിച്ചു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമായ ആശയവിനിമയങ്ങള്‍ നടത്തുന്നതില്‍ നിന്നും വെസ്റ്റ്‌ജെറ്റിനെ ഈ ഉത്തരവ് വിലക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

വെസ്റ്റ്‌ജെറ്റ് സമരത്തെ തുടര്‍ന്ന് പ്ലാന്‍ ചെയ്തതിലും അഞ്ച് ദിവസം കൂടി ലോസ്ഏയ്ഞ്ചല്‍സില്‍ തുടരാന്‍ നിര്‍ബന്ധിതയാവുകയും തുടര്‍ന്ന് റദ്ദാക്കലിനും റീബുക്കിംഗിനും ശേഷം ഏകദേശം 7000 ഡോളര്‍ റീഫണ്ട് ചെയ്യാന്‍ വെസ്റ്റ്‌ജെറ്റ് യാത്രക്കാരി ആവശ്യപ്പെട്ട സംഭവമാണ് കേസിന് ആസ്പദമായത്. 2024 നവംബറില്‍ എയര്‍ലൈന്‍ പ്രതികരിച്ചു. 292 യുഎസ് ഡോളര്‍ മാത്രമേ നല്‍കാന്‍ സാധിക്കൂവെന്നാണ് വെസ്റ്റ്‌ജെറ്റ് പറഞ്ഞത്. ഇതോടെ കേസ് കോടതിയിലേക്ക് കടന്നു. ഫ്‌ളൈറ്റ് റദ്ദാക്കലും കാലതാമസവും കാരണം യാത്രക്കാരുടെ നഷ്ടമായ വേതനത്തിനോ ഇവന്റ് ചെലവുകള്‍ക്കോ എയര്‍ലൈനുകള്‍ ഉത്തരവാദികളാകുമോ എന്ന കാര്യവും കോടതി പരിശോധിക്കുന്നുണ്ട്. ഇതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. 

കോടതിവിധിയെ കുറിച്ച് വെസ്റ്റ്‌ജെറ്റ് പ്രതികരിക്കാന്‍ തയാറായിട്ടില്ല.