അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ചുമത്തുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ കാനഡയിലുടനീളം പ്രതിഷേധം ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ഹോക്കി ടൂര്‍ണമെന്റില്‍ അമേരിക്കന്‍ ദേശീയഗാനമായ 'സ്റ്റാര്‍ സ്പാംഗിള്‍ഡ് ബാനര്‍' ആലപിക്കുമ്പോള്‍ ഗാലറിയിലിരുന്ന കനേഡിയന്‍ ആരാധകര്‍ ബഹളം വെക്കുകയും ഗെയിമുകള്‍ക്ക് മുമ്പ് പ്രതിഷേധം അറിയിക്കുകയും ചെയ്തു. സെനറ്റേഴ്‌സ് ഗെയിമിലാണ് പ്രതിഷേധ പ്രകടനങ്ങളുമായി ആരാധകര്‍ എത്തിയത്. മിനസോട്ട വൈല്‍ഡിനെതിരായ ഓട്ടവ സെനറ്റേഴ്‌സിന്റെ മത്സരത്തില്‍ ആദ്യം ഓട്ടവ സെനറ്റേഴ്‌സ് ആരാധകര്‍ പ്രതിഷേധം അറിയിച്ചു. അമേരിക്കന്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ ഉറക്കെ ശബ്ദമുണ്ടാക്കുകയും കൂകി വിളിക്കുകയും 'ഓ കാനഡ'('' O Canada) എന്ന് തുടങ്ങുന്ന കനേഡിയന്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ ആഹ്‌ളാദഭരിതരാവുകയും ചെയ്തു. ആരാധകരുടെ ഈ പ്രതിഷേധ പ്രകടനങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
അമേരിക്കയോടുള്ള അതൃപ്തി ഓരോ മത്സരങ്ങളിലും ആരാധകര്‍ പ്രകടിപ്പിച്ചു. കാല്‍ഗറി ഫ്‌ളെയിംസ് ആരാധകര്‍ ഡെട്രോയിറ്റ് റെഡ് വിംഗ്‌സിനെതിരെ പ്രതിഷേധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കനേഡിയന്‍ പൗരന്മാര്‍ക്കിടയില്‍ നിരാശയും അഭിപ്രായ ഭിന്നതകളും സൃഷ്ടിക്കുകയാണ്. ഹോക്കി മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള കായിക മത്സര പരിപാടികളിലും ഇത് പ്രതിഫലിപ്പിക്കാന്‍ തുടങ്ങിയതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങള്‍.