ഗംഭീര വിജയമായി 'മാർക്കോ', വിതരണക്കാര്‍ക്ക് നന്ദി അറിയിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

By: 600007 On: Feb 2, 2025, 3:04 PM

 

 

കൊച്ചി: ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം 'മാർക്കോ' ഗംഭീര വിജയമായതിന് പിന്നാലെ ഡിസ്ട്രിബ്യൂട്ടേഴ്സിന് നന്ദി അറിയിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്. മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയതിന് ശേഷം ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ്. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14ന് ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കാനിരിക്കുന്നത്. 

സിനിമയുടെ ഹിന്ദി ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ച ജയ് വിരാത്ര എന്‍റർടെയ്ൻമെന്‍റ്സ് ലിമിറ്റഡ്, തമിഴിലും പോണ്ടിച്ചേരിയിലും ഡിസ്ട്രിബ്യൂഷൻ നർവ്വഹിച്ച എപി ഇന്‍റർനാഷണൽ ഫിലിംസ്, ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത എൻവിആർ സിനിമാസ്, കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ച കുമാർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത ഫാർസ് ഫിലിംസ് എന്നിവർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. 

മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും ഗംഭീര വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ജനുവരി 31 മുതൽ 'മാർക്കോ' കന്നഡയിലും റിലീസിനെത്തിയിട്ടുണ്ട്. തെലുങ്കിൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ മാർക്കോയ്ക്ക് 1.75 കോടി ഗ്രോസ് കളക്ഷനാണ് തെലുങ്കിൽ ആദ്യ ദിനം നേടാനായത്. ജനുവരി ഒന്നിനാണ് തെലുങ്കിൽ 300 തിയേറ്ററുകളിലായി ചിത്രം റിലീസ് ചെയ്തിരുന്നത്. ഇതിനകം 100 കോടി ആഗോള കളക്ഷൻ നേടിക്കഴിഞ്ഞ ചിത്രം കേരളത്തിൽ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ഒടിടിയിലും എത്തുന്നത്.