ആൽബർട്ട ഹെൽത്ത് സർവ്വീസസിൻ്റെ ഡയറക്ടർ ബോർഡിനെ പ്രവിശ്യാ സർക്കാർ പിരിച്ചു വിട്ടു. ഉയർന്ന പദവിയിലുള്ള ബ്യൂറോക്രാറ്റിനെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ആൽബർട്ട ഹെൽത്ത് സർവ്വീസസിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന അഥാന മെൻ്റ്‌സെലോപൗലോസിനെ മാറ്റി ആരോഗ്യ ഉപമന്ത്രി ആന്ദ്രെ ട്രെംബ്ലേയെ തൽസ്ഥാനത്ത് നിയമിച്ചിരുന്നു.ഇടക്കാലത്തേക്കായിരുന്നു ഈ നിയമനം. പുതിയ സ്ഥിരം ഉയർന്ന എക്‌സിക്യൂട്ടീവിനെ കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തം എഎച്ച്എസ് ബോർഡിനായിരിക്കുമെന്നായിരുന്നു അന്ന് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ ആ ഉത്തരവാദിത്തം ആരോഗ്യ മന്ത്രാലയം ഏറ്റെടുക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സ്ഥാപനമെന്ന നിലയിൽ നിന്ന് ആശുപത്രി സർവ്വീസുകളുടെ ചുമതല വഹിക്കുന്ന സ്ഥാപനമാക്കി ആൽബർട്ട ഹെൽത്ത് സർവ്വീസസിനെ സർക്കാർ മാറ്റിയിരുന്നു. ഈ മാറ്റവുമായി ബന്ധപ്പെട്ട ശേഷിക്കുന്ന നടപടിൾക്ക് ട്രെംബ്ലേ മേൽനോട്ടം വഹിക്കും.