മൂന്ന് പേരെ കൊന്ന് തടവിലായി തുടര്‍ന്ന് രക്ഷപ്പെട്ട യുഎസ് വനിതാ കുറ്റവാളി 50 വര്‍ഷത്തിന് ശേഷം ആല്‍ബെര്‍ട്ടയില്‍ മരിച്ചതായി സ്ഥിരീകരണം. വ്യാഴാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കന്‍സാസ് സിറ്റി മിസോറി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും(കെസിപിഡി) ജാക്‌സണ്‍ കൗണ്ടി ഷെരീഫ് ഓഫീസും സീരിയല്‍ കില്ലറായ ഷാരോണ്‍ കിന്നിനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചു. 1960 ലാണ് അന്വേഷണം ആരംഭിച്ചത്.
1960 ല്‍ ഭര്‍ത്താവ് ജെയിംസ് കിന്നിനെയും ഇയാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പട്രീഷ്യ ജോണ്‍സ് എന്ന സ്ത്രീയെയും വെടിവെച്ചുകൊന്നതിന് 1962 ജനുവരിയില്‍ കിന്നിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തുടര്‍ന്ന് 1963 ല്‍ 25,000 ഡോളര്‍ ബോണ്ടില്‍ ജയില്‍ മോചിതയായി. പുറത്തിറങ്ങിയ കിന്‍ 1964 ല്‍ പുതിയ കാമുകനൊപ്പം മെക്‌സിക്കോയിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് ഇയാളെ കൊലപ്പെടുത്തിയതിന് കിന്നിനെ അറസ്റ്റ് ചെയ്തു. 1969 ഡിസംബറില്‍ കിന്‍ മെക്‌സിക്കന്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് ആല്‍ബെര്‍ട്ടയിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം ലഭിച്ചത്.
ഡിയേഡ്ര ഗ്ലാബസ് എന്നപേരിലാണ് പിന്നീട് ജീവിച്ചത്. 2022 ജനുവരി 21 നാണ് കിന്‍ മരിക്കുന്നത്. പിന്നീട് 2024 മെയ് 31 ന് നടത്തിയ പരിശോധനകളില്‍ കിന്‍ തന്നെയാണ് ഗ്ലാബസ് എന്ന് പോലീസ് കണ്ടെത്തി. സ്വാഭാവിക മരണമായിരുന്നു കിന്നിന്റേത്. കുറ്റവാളി ജീവിച്ചിരിക്കാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.