വർദ്ധിച്ച് വരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കാൽഗറി പൊലീസ്

By: 600110 On: Feb 1, 2025, 10:22 AM

 

കാൽഗറിയിൽ സൈബർ കുറ്റങ്ങൾ വർദ്ധിച്ച് വരുന്നതായി പൊലീസിൻ്റെ മുന്നറിയിപ്പ്. 2023മായി താരതമ്യം ചെയ്യുമ്പോൾ അൻപത് ശതമാനത്തിലേറെ വർധനയാണ് സൈബർ കുറ്റകൃത്യങ്ങളിൽ ഉണ്ടായിരിക്കുന്നത്. നിക്ഷേപ തട്ടിപ്പുകൾ, പ്രണയ തട്ടിപ്പുകൾ തുടങ്ങി പല വിധ സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് പൊലീസ് അറിയിച്ചു.

ഇൻ്റർനെറ്റിലുള്ള തൊഴിലവസരങ്ങൾ കണ്ട് അപേക്ഷിക്കുന്നവർക്കും പണം നഷ്ടമാകുന്ന തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.കാൽഗറി പോലീസ് കമ്മീഷൻ മീറ്റിംഗിൽ അവതരിപ്പിച്ച വിവരങ്ങൾ അനുസരിച്ച്,  കാൽഗറി പബ്ലിക് ലൈബ്രറി അടക്കമുള്ള സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം 43 ഹാക്കിങ് ശ്രമങ്ങളും ഉണ്ടായി. ഇതേ തുടർന്ന് നഗരത്തിലുടനീളമുള്ള ശാഖകൾ താൽക്കാലികമായി അടച്ചുപൂട്ടാൻ നിർബന്ധിതരായിരുന്നു. 2023ൽ ഇത്തരം 28 ഹാക്കിങ് ശ്രമങ്ങളായിരുന്നു ഉണ്ടായത്. എന്നാൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള തട്ടിപ്പുകളിലായിരുന്നു വളരെയധികം പണം നഷ്ടപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. 42.8 മില്യൻ ഡോളറാണ് ഇത്തരം ക്രിപ്റ്റോ തട്ടിപ്പുകളിലൂടെ നഷ്ടമായത്.