കോളർ ഐഡികളെ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ്. വിവിധ പൊലീസ് ഡിപ്പാർട്ടുമെൻ്റുകളുടെ പേരുകൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പുകൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
തട്ടിപ്പുകാർ ഇപ്പോൾ രാജ്യത്തുടനീളമുള്ള പൊലീസിംഗ് ഏജൻസികളുടെയും കനേഡിയൻ ആൻ്റി ഫ്രോഡ് സെൻ്ററിൻ്റെയും പേരിൽ തട്ടിപ്പ് നടത്തുകയാണെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ജനങ്ങളുടെ വിശ്വാസം നേടാനുള്ള മാർഗമായി കണ്ടാണ് പലരും ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതെന്നും വാർത്താക്കുറിപ്പിലുണ്ട്. ബാങ്ക് അക്കൗണ്ടിൽ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് അന്വേഷണ ഏജൻസികളുടെ പേരിൽ വിളിച്ചാണ് പലപ്പോഴും തട്ടിപ്പ് നടത്തുന്നത്. കേസിൽപ്പെടാതിരിക്കാൻ പണം കൈമാറാനും ഇവർ സമ്മർദ്ദം ചെലുത്തുന്നു. കോളുകൾ വിശ്വാസത്തിലെടുത്ത് പലരും തട്ടിപ്പിന് ഇരയാകുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരത്തിൽ കോളുകൾ വന്നാൽ ഉടൻ പ്രതികരിക്കരുതെന്നും പൊലീസിനെ ഉൾപ്പെടെ വിളിച്ച് വിശ്വാസ്യത ഉറപ്പാക്കണമെന്നും ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് പറയുന്നു. ഫോണുകളിൽ എത്തുന്ന ഒടിപി ഷെയർ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.