ആൽബെർട്ടയിൽ കിൻ്റർഗാർട്ടൻ വരെയുള്ള കുട്ടികൾക്കുള്ള ഡേകെയർ ഫീസ് കുറയും

By: 600110 On: Jan 31, 2025, 1:57 PM

ആൽബർട്ടയിൽ  കുട്ടികൾക്കുള്ള ഡേകെയർ ഫീസിൽ പുതിയ ആശ്വാസ തീരുമാനവുമായി പ്രവിശ്യാ സർക്കാർ. കിൻ്റർഗാർട്ടൻ വരെയുള്ള കുട്ടികൾക്ക്ഏപ്രിൽ മുതൽ  പ്രതിമാസം 326.25 ഡോളർ ഫീസ് നല്കിയാൽ മതിയാകും. മുഴുവൻ സമയ ലൈസൻസുള്ള ഡേ കെയറുകളിലും ഫാമിലി ഡേ ഹോം പ്രോഗ്രാമുകളിലും പോകുന്ന കിൻ്റർഗാർട്ടൻ വരെയുള്ള കുട്ടികളുള്ള രക്ഷിതാക്കൾക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുക. 

കുട്ടികൾക്ക് പാർട്ട് ടൈം പരിചരണം ആവശ്യമുള്ള മാതാപിതാക്കൾ പ്രതിമാസം 230 ഡോളറാണ്  നൽകേണ്ടത്.
ഒരു കുട്ടിക്ക് പ്രതിമാസം 100 ഡോളറെന്ന നിലയിൽ പ്രീ സ്കൂളുകൾക്ക് സർക്കാരിൽ നിന്ന് റീ ഇംബേഴ്സ്മെൻ്റ് ലഭിക്കും. നേരത്തെ ഇത് 75 ഡോളർ ആയിരുന്നു. കിൻ്റർഗാർട്ടൻ വരെയുള്ള കുട്ടികൾക്ക് നേരത്തെയുണ്ടായിരുന്ന ശിശു സംരക്ഷണ സബ്‌സിഡി പ്രോഗ്രാമിന് പകരമാണ് പുതിയ സംവിധാനം. എന്നാൽ സ്‌കൂൾ സമയത്തിന് പുറത്ത് പരിചരണം ആവശ്യമുള്ള ഒന്ന് മുതൽ ആറ് വരെയുള്ള ഗ്രേഡുകളിലെ കുട്ടികൾക്കുള്ള സബ്‌സിഡിയിൽ മാറ്റമില്ല. ഏപ്രിൽ ഒന്ന് മുതൽ പുതിയ ഫീസ് ഘടന പ്രാബല്യത്തിൽ വരുന്നതോടെ ലൈസൻസുള്ള ഡേകെയർ പ്രൊവൈഡർമാരിൽ 85 ശതമാനം പേർക്കും കൂടുതൽ ഫണ്ട് ലഭിക്കുമെന്ന് പ്രവിശ്യ അധികൃതർ പറയുന്നു. ആൽബർട്ടയും ഫെഡറൽ ഗവൺമെൻ്റുമായി ചേർന്നുള്ള  3.8 ബില്യൺ ഡോളറിൻ്റെ  ലേണിംഗ് ആൻ്റ് ചൈൽഡ് കെയർ കരാറിൻ്റെ ഭാഗമായാണ് ധനസഹായം ലഭിക്കുക.