ദുബായ് കിരീടാവകാശിയുടെ ഉടമസ്ഥതതയിലുള്ള വാന്‍കുവറിലെ നാല് പെന്റ്ഹൗസ് സ്യൂട്ടുകള്‍ വില്‍പ്പനയ്ക്ക് 

By: 600002 On: Jan 31, 2025, 11:45 AM

 

ദുബായിലെ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ ഉടമസ്ഥതയിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ ഡൗണ്‍ടൗണ്‍ വാന്‍കുവറിലെ ഫെയര്‍മോണ്ട് പസഫിക് റിം കോണ്ടോ ടവറിലുള്ള നാല് പെന്റ്ഹൗസ് യൂണിറ്റുകള്‍ ലിസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. സിറ്റിയുടെ ആഢംബര റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ ഏറ്റവും വിലകൂടിയ വില്‍പ്പനയ്ക്ക് സാധ്യതയുള്ള ലിസ്റ്റിംഗായിരിക്കുമിതെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ നിരീക്ഷണം. 2013 മുതല്‍ Leemar Investments FZE യുടെ ഉടമസ്ഥതയിലാണ് ഈ യൂണിറ്റുകള്‍. അന്ന് മുകളിലെ നിലയിലെ പ്രധാന പെന്റ്ഹൗസ് 25 മില്യണ്‍ ഡോളറിനും 46 ആം നിലയിലുള്ള ഒരു യൂണിറ്റ് 15 മില്യണ്‍ ഡോളറിനും വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അക്കാലത്ത് 40 മില്യണ്‍ ഡോളറിന് യൂണിറ്റുകള്‍ വാങ്ങിയത് കാനഡയിലെ തന്നെ ഏറ്റവും ചെലവേറിയ പര്‍ച്ചേസ് ആയിരുന്നു. 

ലീമര്‍ പിന്നീട് 46 ആം നിലയിലെ മറ്റ് രണ്ട് സബ്-പെന്റ്ഹൗസ് യൂണിറ്റുകള്‍ 9.75 മില്യണ്‍ ഡോളറിനും 3.9 മില്യണ്‍ ഡോളറിനും വാങ്ങി. ഈ യൂണിറ്റുകളാണ് ഇപ്പോള്‍ MLS ല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ദശാബ്ദത്തിന് ശേഷം വില്‍പ്പനയ്ക്ക് വെക്കുമ്പോള്‍ മൊത്തത്തില്‍ ഏകദേശം 10 മില്യണ്‍ ഡോളര്‍ കുറവ് തുകയ്ക്കാണ് വില്‍പ്പന നടത്തുന്നതെന്നാണ് സൂചന. പ്രധാന പെന്റ്ഹൗസിന് 21 മില്യണ്‍ ഡോളറാണ് ചോദിക്കുന്നത്. 46 ആം നിലയിലെ യൂണിറ്റുകള്‍ക്ക് യഥാക്രമം 10 മില്യണ്‍, 8.5 മില്യണ്‍, 5 മില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് ചോദിക്കുന്നത്. മൊത്തം 44.5 മില്യണ്‍ ഡോളറാണ് തുക നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുമ്പ് 2010 ല്‍ പെന്റ്ഹൗസ് 17.5 മില്യണ്‍ ഡോളറിനാണ് വിറ്റത്.