കാനഡയില്‍ പേസ്ട്രികളില്‍ സാല്‍മൊണല്ല അണുബാധ; 69 പേര്‍ അസുഖബാധിതരെന്ന് പിഎച്ച്എസി 

By: 600002 On: Jan 31, 2025, 9:49 AM

 


കാനഡയില്‍ ഇറക്കുമതി ചെയ്ത പേസ്ട്രികളില്‍ സാല്‍മൊണല്ല അണുബാധ അടങ്ങിയിട്ടുണ്ടെന്നും ഇത് കഴിച്ച നിരവധി പേര്‍ക്ക് അസുഖം ബാധിച്ചതായും പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ( പിഎച്ച്എസി). രാജ്യത്തുടനീളം 69 സാല്‍മൊണല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ക്യുബെക്കില്‍ 37 കേസുകളും ഒന്റാരിയോയില്‍ 24 കേസുകളും ബീസിയില്‍ നാല് കേസുകളും മൂന്ന് കേസുകള്‍ ആല്‍ബെര്‍ട്ടയിലും ന്യൂബ്രണ്‍സ്‌വിക്കില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ചവരില്‍ 22 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

2024 സെപ്തംബര്‍ അവസാനത്തിനും 2025 ജനുവരി ആദ്യ ആഴ്ചകള്‍ക്കുമിടയിലാണ് ആളുകള്‍ക്ക് അസുഖം ബാധിച്ചത്. അസുഖം വന്നവരെല്ലാം തിരിച്ചുവിളിച്ച പേസ്ട്രികള്‍ കഴിച്ചിരുന്നുവെന്ന് പിഎച്ച്എസി പറഞ്ഞു. സ്വീറ്റ് ക്രീം ബ്രാന്‍ഡ് മിനി പേസ്ട്രികളാണ് സാല്‍മൊണല്ല ബാധിച്ചതിനെ തുടര്‍ന്ന് തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങള്‍. ഈ ഉല്‍പ്പന്നങ്ങള്‍ ഗ്രോസറി സ്‌റ്റോറുകള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കഫ്റ്റീരിയകള്‍, ആശുപത്രികളില്‍, റിട്ടയര്‍മെന്റ് റെസിഡന്‍സ് എന്നിവടങ്ങളില്‍ വിറ്റഴിച്ചിരുന്നതായി ഏജന്‍സി പറഞ്ഞു. ചില കാറ്ററിംഗ് ഇവന്റുകളിലും പേസ്ട്രികള്‍ വിതരണം ചെയ്തിരുന്നു. ഇതാണ് അസുഖബാധിതരുടെ എണ്ണം വര്‍ധിക്കാനിടയാക്കിയത്. 

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. മൂന്ന് വയസ് മുതല്‍ 88 വയസ് വരെ പ്രായമുള്ളവര്‍ അസുഖബാധിതരായിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ വിതരണം ചെയ്യപകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് പിഎച്ച്എസി മുന്നറിയിപ്പ് നല്‍കി.