കന്‍സാസ് സിറ്റി ഏരിയയില്‍ ക്ഷയരോഗം(ടിബി)മാരകമാകുന്നതായി ആരോഗ്യവിദഗ്ധര്‍. അമേരിക്കയില്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ രോഗ വ്യാപനങ്ങളില്‍ ഒന്നാണിതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ഡസന്‍ കണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരി 24 വരെ കന്‍സാസിലെ വയാന്‍ഡോട്ടെ, ജോണ്‍സണ്‍ കൗണ്ടികളില്‍ 67 ആക്ടീവ് കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം മുതല്‍ വര്‍ധിക്കുന്ന ക്ഷയരോഗ വ്യാപനത്തിന്റെ ഉറവിടം കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നാണ് കന്‍സാസ് ഹെല്‍ത്ത് ആന്‍ഡ് എണ്‍വയോണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിശദീകരണം. 2024 മുതല്‍ കന്‍സാസ് സിറ്റിയില്‍ 79 പേര്‍ക്ക് ക്ഷയരോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ക്ഷയരോഗം വ്യാപിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ്, ടെസ്റ്റിംഗ്, സ്‌ക്രീനിംഗ്, പൊതുജനങ്ങള്‍ക്കായുള്ള ബോധവത്കരണ പരിപാടികള്‍ എന്നിവ നടത്തുന്നുണ്ടെന്നും ഇതിനായി നാല് സിഡിസി സ്റ്റാഫിനെ നിയമിച്ചിട്ടുണ്ടെന്നും സിറ്റി അറിയിച്ചു.
രാജ്യവ്യാപകമായി അമേരിക്കയില്‍ 2024 ല്‍ 8,649 ടിബി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023 ല്‍ ഇത് 9,606 ആയിരുന്നു. യുഎസില്‍ ഇതിന് മുമ്പ് ഏറ്റവും വലിയ ക്ഷയരോഗ വ്യാപനമുണ്ടായത് 2015 നും 2017 നും ഇടയില്‍ ജോര്‍ജിയയിലെ ഭവനരഹിതരുടെ അഭയകേന്ദ്രത്തിലാണ്. അവിടെ 170 ല്‍ അധികം കേസുകളും 400 ഓളം രോഗ സാധ്യതകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.