ദില്ലി: ഇന്ത്യ അടക്കമുള്ള ബ്രിക്സ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബ്രിക്സ് രാജ്യങ്ങൾ പ്രത്യേക കറൻസി കൊണ്ടു വന്നാൽ ശക്തമായി നേരിടുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. പ്രത്യേക കറന്‍സി കൊണ്ടുവന്നാല്‍ നൂറു ശതമാനം തീരുവ നേരിടാൻ തയ്യാറാവണമെന്നും ട്രംപ് വെള്ളിയാഴ്ച പറഞ്ഞു. അന്താരാഷ്ട്ര വ്യാപാരത്തിലെ പ്രബലമായ കറൻസിയായി യുഎസ് ഡോളറിനെ മാറ്റിസ്ഥാപിക്കാൻ ശ്രമിച്ചാൽ അവരുടെ കയറ്റുമതിക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി.
ആഗോള വ്യാപാരത്തിൽ യുഎസ് ഡോളറിൻ്റെ പങ്ക് ബ്രിക്‌സ് രാജ്യങ്ങൾ നിലനിർത്തണമെന്നും അല്ലെങ്കിൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഡോളറൈസേഷനെതിരായ തൻ്റെ നിലപാട് ട്രംപ് ആവർത്തിച്ച് പ്രകടിപ്പിച്ചു. നേരത്തെയും ട്രംപ് സമാനമായ അഭിപ്രായം പറഞ്ഞിരുന്നു. അതേസമയം, ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്സ് രാജ്യങ്ങള്‍ യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തിരുന്നു.
യുക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യക്കെതിരെ പാശ്ചാത്യ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ബ്രിക്‌സ് സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചു. ബ്രിക്സിന് പൊതു കറൻസി ഇല്ലെങ്കിലും, അതിലെ അംഗങ്ങൾ അവരുടെ പ്രാദേശിക കറൻസികളിലാണ് വ്യാപാരം പ്രോത്സാഹിപ്പിച്ചത്. 2023-ലെ 15-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ, ഡീ-ഡോളറൈസേഷനായി ആഹ്വാനം ചെയ്തു. 2024 ജൂണിൽ റഷ്യയിൽ നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ, ഉഭയകക്ഷി, ബഹുമുഖ വ്യാപാരത്തിൽ പ്രാദേശിക കറൻസികൾ ഉപയോഗിക്കണമെന്ന് അംഗരാജ്യങ്ങൾ പറഞ്ഞു