വാഷിങ്ടൺ: സിഎൻഎന്നിന്റെ സ്റ്റാര്‍ അവതാരകൻ ജിം അക്കോസ്റ്റ 18 വര്‍ഷത്തിന് ശേഷം ചാനലിൽ നിന്ന് രാജിവച്ചു. ജിമ്മിന്റെ മോര്‍ണിങ് ഷോ അര്‍ധരാത്രി സമയത്തേക്ക് മാറ്റിയതിന് പിന്നാലെയാണ് ജിം ഓൺ എയറിൽ താൻ സിഎൻഎന്നിൽ നിന്ന് രാജിവയ്ക്കുന്ന വിവരം അറിയിച്ചത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ സിഎൻഎൻ സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജിം അക്കോസ്റ്റയുടെ ജോലി സമയത്തിലും മാറ്റം വരുത്തുകയായിരുന്നു.
സിഎൻഎന്നിലെ ഏറ്റവും അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരിൽ ഒരാളായിരുന്നിട്ടു പോലും രാവിലെ പത്ത് മണിക്ക് നടന്നിരുന്ന ഷോ മാറ്റി അര്‍ധരാത്രിയിലേക്ക് മറ്റി. ഡിജിറ്റൽ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിൽ ആറ് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നായിരുന്നു സിഎഎൻ വിശദീകരണം. സിഎൻഎൻ സിഇഒ മാര്‍ക്ക് തോംപ്സൺ ആയിരുന്നു പുതിയ പരിഷ്കാരങ്ങൾ നിര്‍ദ്ദേശിച്ചത്.
തുടര്‍ന്നാണ് സിഎൻഎന്നിൽ ജിം അക്കോസ്റ്റ തന്റെ ഷോയുടെ എപ്പിസോഡ് അവസാനിപ്പിച്ചുകൊണ്ട് ഓൺ എയറിൽ ചില കാര്യങ്ങൾ പറഞ്ഞത്. 'അവസാനമായി എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്, നുണകൾക്ക് മുന്നിൽ വീഴരുത്, ഉള്ളിലെ ഭയത്തിന് കീഴടങ്ങരുത്, സത്യവും പ്രതീക്ഷയും നിലനിര്‍ത്തുക'. ഇതിന് പിന്നാലെ ചൊവ്വാഴ്ച മുതൽ വീഡിയോ പ്ലാറ്റ്ഫോമായ സബ്സ്റ്റാക്കിൽ 'ദി ജിം അക്കോസ്റ്റ ഷോ' ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ട്രംപ് ആദ്യ ടേമിൽ പ്രസിഡന്റായിരുന്ന കാലത്ത് ഉടനീളം, ട്രംപും അക്കോസ്റ്റയും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നു. പ്രസിഡന്റ് തന്റെ ആദ്യ ടേം ആരംഭിക്കുന്നതിന് മുമ്പ് സിഎൻഎൻ റിപ്പോർട്ടര്‍ക്ക് നേരെ കടുത്ത വിമര്‍ശനവും ആരോപണങ്ങളും ഉന്നയിച്ചു. ഐഎസ് ബന്ധം ആരോപിക്കുകയും, ഇടക്കാലത്ത് അക്കോസ്റ്റയുടെ പ്രസ് ക്രഡൻഷ്യലുകൾ താലക്കാലികമായി റദ്ദാക്കുകയും ചെയ്തു. അക്കോസ്റ്റയുടെ അസാന്നിധ്യത്തിലും ട്രംപും സിഎൻഎൻ റിപ്പോർട്ടറുമായി തർക്കം തുടർന്നു. അക്കോസ്റ്റയുടെ 2017-ലെ പൊളിറ്റിക്കോ മാഗസിൻ പ്രൊഫൈൽ തലക്കെട്ട്, "ജിം അക്കോസ്റ്റ വൈറ്റ് ഹൗസിന്റെ പ്രിയപ്പെട്ട റിപ്പോർട്ടറാണ്' എന്നായിരുന്നു.