മെറ്റയ്ക്ക് തനിവഴി, ഡീപ്‌സീക്കിനെ കണ്ട് ഭയക്കില്ല'; എഐയില്‍ വന്‍ നിക്ഷേപം തുടരുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്

By: 600007 On: Jan 30, 2025, 12:51 PM

 

ന്യൂയോര്‍ക്ക്: ചൈനയുടെ ഡീപ്‌‌സീക്ക് എഐ കൊടുങ്കാറ്റില്‍ അമേരിക്കന്‍ ടെക് കമ്പനികള്‍ വിറച്ചെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് കോടികള്‍ നിക്ഷേപിക്കുന്നത് തുടരുമെന്ന് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഡീപ്‌സീക്കിന്‍റെ സാന്നിധ്യം പല യുഎസ് ടെക് ഭീമന്‍മാര്‍ക്കും ഭാവിയില്‍ തിരിച്ചടിയാവും എന്ന വിലയിരുത്തലുകള്‍ക്കിടെയാണ് സക്കര്‍ബര്‍ഗിന്‍റെ ഈ വാക്കുകള്‍. അതേസമയം ഡീപ്‌സീക്കിന്‍റെ വരവ് എഐ രംഗത്ത് കൂടുതല്‍ ഗവേഷണത്തിന് പ്രചോദനമാകുന്നതായി സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. 


സക്കര്‍ബര്‍ഗ് എഐയില്‍ പിന്നോട്ടില്ല 

എഐ രംഗത്ത് ഓപ്പണ്‍ എഐയും ഗൂഗിളും മെറ്റയും കളംവാഴുമ്പോഴാണ് ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്ക്, ആ‌ർ1 ലാര്‍ജ് ലാംഗ്വേജ മോഡലുമായി രംഗത്തെത്തി ട്രെന്‍ഡിംഗായത്. പ്രകടന നിലവാരത്തില്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയോട് കിടപിടിക്കുന്നതാണ് ഡീപ്‌സീക്ക് ആ‌ർ1 എന്ന് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നു. ഡീപ്‌സീക്ക് ആ‌ർ1ന്‍റെ ആഗമനത്തോടെ അമേരിക്കന്‍ വിപണിയില്‍ ചിപ്പ്, ഗ്രാഫിക്സ് പ്രൊസസര്‍ നിര്‍മാണ ഭീമനായ എൻവിഡിയയുടെ ഓഹരി മൂല്യം 20 ശതമാനത്തോളമാണ് ഇടിഞ്ഞത്. എങ്കിലും എഐ രംഗത്ത് പണമിറക്കുന്നത് തുടരും എന്നാണ് മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് പറയുന്നത്. 2025ല്‍ 60 ബില്യണ്‍ ഡോളറിലധികം എഐക്കായി ഇറക്കാന്‍ മെറ്റ ലക്ഷ്യമിടുന്നു. എഐയ്ക്ക് കരുത്തേകാന്‍ ഡാറ്റാ സെന്‍ററുകള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് മെറ്റ ഇതില്‍ കൂടുതല്‍ തുകയും മുടക്കുന്നത്