ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കേണ്ടി വരുന്നത് മാസങ്ങൾ, ആൽബർട്ടയിലെ ആരോഗ്യ സംവിധാനങ്ങൾക്കെതിരെ പ്രതിഷേധമുയരുന്നു

By: 600110 On: Jan 30, 2025, 8:41 AM

ആൽബെർട്ടയിൽ ആരോഗ്യ മേഖലയിൽ സമഗ്രമായ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം ശക്തമാകുന്നു. പലപ്പോഴും പല രോഗങ്ങൾക്കും ചികിൽസയ്ക്കായി  കാത്തിരിക്കേണ്ട ഗതികേടിലാണ് സാധാരണക്കാർ. ആയിരക്കണക്കിന്  രോഗികളാണ്  ദീർഘനാളായി  ശസ്ത്രക്രിയകൾക്കായി കാത്തിരിക്കുന്നത്. ഇതേ തുടർന്ന് ആരോഗ്യ മേഖലയിൽ  പ്രവിശ്യാ ഗവൺമെൻ്റ് മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് ഇവർ  ആവശ്യപ്പെടുന്നത്.  

നവംബർ വരെ, 80,000 ആളുകളാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കാത്തിരിന്നത്. നടപടികൾ വേഗത്തിലാക്കുമെന്ന്  വാഗ്ദാനങ്ങൾ ഉണ്ടായിരുന്നെങ്കിലും കൃത്യമായ സമയത്ത് പൂർത്തിയാക്കിയ ശസ്ത്രക്രിയകളുടെ എണ്ണം വളരെ കുറവാണെന്ന് ആക്ഷേപം ഉണ്ട്. പലപ്പോഴും ചികിൽസയ്ക്കായി മറ്റ് പ്രവിശ്യകളിലേക്ക് പോവുകയോ, ചെലവ് കൂടിയ സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കുകയോ ചെയ്യേണ്ട ഗതികേടിലാണ് തങ്ങളെന്ന് പലരും പറയുന്നു. കാത്തിരിപ്പിന് ഒടുവിൽ ചികിൽസ കിട്ടാതെ മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണവും കുറവല്ല.മറ്റു ചിലർ വേദന സഹിച്ച് കാത്തിരിക്കുകയാണെന്നും ആൽബർട്ട എൻഡിപി ആരോഗ്യ നിരൂപക സാറാ ഹോഫ്മാൻ പറഞ്ഞു.