ശൈത്യകാലത്ത് വാഹനമോഷണം തടയുന്നതിനുള്ള പ്രവിശ്യാ വ്യാപകമായ ക്യാംപയിന്‍ 'ഓപ്പറേഷന്‍ കോള്‍ഡ് സ്റ്റാര്‍ട്ടി'ന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ 50 ഓളം താക്കോലോടുകൂടിയ ഐഡ്‌ലിംഗ് വാഹനങ്ങള്‍ പാതയോരങ്ങളില്‍ കണ്ടെത്തി. അശ്രദ്ധമായി ഇത്തരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് മോഷ്ടാക്കള്‍ക്ക് സഹായകമാകുന്നുവെന്ന് ആര്‍സിഎംപി മുന്നറിയിപ്പ് നല്‍കുന്നു.
ജനുവരി 20 മുതല്‍ 24 വരെയാണ് എയര്‍ഡ്രി ആര്‍സിഎംപി ഏരിയകളില്‍ പട്രോളിംഗ് നടത്തിയത്. ആളില്ലാത്ത, ഐഡ്‌ലിംഗ് വാഹനങ്ങള്‍ കണ്ടെത്തി അവ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. ഇതിനിടയിലാണ് 50 ഓളം വാഹനങ്ങള്‍ ഒട്ടും സുരക്ഷിതമല്ലാത്ത നിലയില്‍ കണ്ടെത്തിയത്.
ക്യാമ്പയിനിന്റെ ഭാഗമായി ആര്‍സിഎംപി ഉദ്യോഗസ്ഥര്‍ വാഹന ഉടമകളുമായി നേരിട്ട് സംസാരിക്കുകയും മോഷണ പ്രതിരോധം സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഐഡ്‌ലിംഗ് വാഹനങ്ങള്‍ ശ്രദ്ധിക്കാതെ പോകുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയും ചെയ്തു.