പലിശ നിരക്ക് വീണ്ടും കുറച്ച് ബാങ്ക് ഓഫ് കാനഡ

By: 600110 On: Jan 30, 2025, 8:20 AM

 

കാനഡയ്ക്ക് മേൽ അമേരിക്ക താരിഫ് ചുമത്തിയേക്കുമെന്നുള്ള ആശങ്കകൾക്കിടെ ബാങ്ക് ഓഫ് കാനഡ പ്രധാന പലിശ നിരക്കുകൾ കുറച്ചു. പലിശ നിരക്കിൽ 25 ബേസിസ് പോയിൻ്റിൻ്റെ കുറവാണ് വരുത്തിയത്. ഇതോടെ പലിശ നിരക്ക് 3.25  ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി കുറഞ്ഞു.

ഫെബ്രുവരി ഒന്നിന് കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ചരക്കുകൾക്ക് 25 ശതമാനം ബ്ലാങ്കറ്റ് താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്  വ്യക്തമാക്കിയിരുന്നു. കാനഡയിൽ നിന്നുള്ള എല്ലാ ഉല്പ്പന്നങ്ങൾക്കും ഇങ്ങനെ താരിഫ് ചുമത്തിയാൽ അത് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ വലിയ തോതിൽ ബാധിച്ചേക്കും. അങ്ങനെ വന്നാൽ വർഷാവസാനത്തോടെ കനേഡിയൻ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങാനും പണപ്പെരുപ്പം ഉയരാനും സാധ്യതയുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ബാങ്ക് ഓഫ് കാനഡ പലിശ നിരക്കിൽ കുറവ് വരുത്തിയത്. ഇത് തുടർച്ചയായി ആറാം തവണയാണ് ബാങ്ക് ഓഫ് കാനഡ പലിശ നിരക്കിൽ കുറവ് വരുത്തുന്നത്.