ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറിലെ കേപ് സ്പിയറില്‍ തിരമാലയില്‍പ്പെട്ട് ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം 

By: 600002 On: Jan 30, 2025, 7:57 AM

  

 

 

ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറിലെ കേപ് സ്പിയറില്‍ തിരമാലയില്‍പ്പെട്ട് കാണാതായ ഇന്ത്യന്‍ യുവതി മരിച്ചതായി സ്ഥിരീകരണം. പഞ്ചാബ് സ്വദേശിനിയായ സന്ദീപ് കൗര്‍(22) ആണ് മരിച്ചത്. ജനുവരി 15 ന് കാണാതായ സന്ദീപിന് വേണ്ടി തിരച്ചില്‍ നടന്നുവരികയായിരുന്നു. സന്ദീപ് കൗറിന്റെ മരണവാര്‍ത്തയറിഞ്ഞ് ഹൃദയം നുറുങ്ങിയിരിക്കുകയാണ് പഞ്ചാബിലെ കുടുംബം. 

സാന്‍ഡി എന്ന് വിളിക്കുന്ന സന്ദീപ് 2022 ല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥിനിയായാണ് കാനഡയിലെത്തുന്നത്. ബ്രാംപ്ടണിലെ കോളേജില്‍ നിന്നും ടൂറിസത്തില്‍ ഡിപ്ലോമ നേടി. സ്ഥിരതാമസ അനുമതി ലഭിച്ചതോടെ സെപ്തംബര്‍ മുതല്‍ ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറില്‍ താമസിച്ചുവരികയായിരുന്നു. കാണാതാകുന്നതിന് മുമ്പ് സെന്റ് ജോണ്‍സ് ഏരിയയിലെ ഒരു ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്‍ഡ് റിസീവിംഗ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. 

സന്ദീപും ആണ്‍സുഹൃത്തും ജനുവരി 15 ന് സെന്റ് ജോണ്‍സിനടുത്തുള്ള കേപ് സ്പിയര്‍ നാഷണല്‍ ഹിസ്റ്റോറിക് സൈറ്റ് സന്ദര്‍ശിക്കുന്നതിനിടയിലാണ് അപകടം നടന്നത്. അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നുവെങ്കിലും കടല്‍ത്തീരത്തേക്ക് ഇരുവരും നടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സന്ദീപ് തിരമാലയില്‍ അകപ്പെട്ട് കടലിലേക്ക് ഒഴുകിയെന്നാണ് കരുതുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നിസാര പരുക്കേറ്റ ഇയാള്‍ക്ക് പിന്നീട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. സന്ദീപിനു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

പിന്നീട് തിരച്ചില്‍ ശ്രമങ്ങള്‍ അവസാനിപ്പിച്ചതായും സന്ദീപിന്റെ തിരോധാനത്തില്‍ ദുരൂഹതയൊന്നുമില്ലെന്നും റോയല്‍ ന്യൂഫൗണ്ട്‌ലാന്‍ഡ് കോണ്‍സ്റ്റബുലറി അറിയിച്ചു. എന്നാല്‍ സന്ദീപിന്റെ കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് പഞ്ചാബ് സര്‍ക്കാര്‍ തിരച്ചില്‍ തുടരാന്‍ കനേഡിയന്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് സന്ദീപിന്റെ മൃതദേഹം ലഭിക്കുന്നത്.