ഒന്റാരിയോയിലും ക്യുബെക്കിലുമായി വര്‍ധിച്ചുവരുന്ന അഞ്ചാംപനി കേസുകളില്‍ ആശങ്കയുണ്ടെന്ന് കാനഡയിലെ ആരോഗ്യ വിദഗ്ധര്‍. അഞ്ചാംപനി പൊട്ടിപ്പുറപ്പെട്ടത് സംബന്ധിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് മുതിര്‍ന്ന ആരോഗ്യ വിദഗ്ധ ഡോ. തെരേസ ടാം പറഞ്ഞു. രാജ്യത്ത് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും വാക്‌സിനേഷന്‍ സ്വീകരിത്താവരിലാണ്. ഇതില്‍ നിരവധി കുട്ടികളും ഒരു വയസ്സില്‍ താഴെയുള്ള ശിശുക്കളും ഉള്‍പ്പെടുന്നുവെന്ന വസ്തുത ആശങ്കയുളവാക്കുന്നതാണെന്ന് ഡോ. തെരേസ ടാം പറഞ്ഞു.
അന്താരാഷ്ട്ര യാത്ര നടത്തിയവരേക്കാള്‍ കൂടുതല്‍ രാജ്യത്തുള്ളവരില്‍ തന്നെ രോഗം ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇവിടം തന്നെയാണ് പ്രാരംഭ ഉറവിടം എന്നാണ് വിശ്വസിക്കുന്നത്. ജനുവരി 11 വരെ എട്ട് അഞ്ചാംപനി കേസുകളാണ് ഹെല്‍ത്ത് കാനഡ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്രാദേശിക പബ്ലിക് ഹെല്‍ത്ത് യൂണിറ്റുകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ കേസുകളുടെ എണ്ണം ഇതിലും കൂടുതലാണ്. ഒന്റാരിയോ പബ്ലിക് ഹെല്‍ത്ത് 38 അഞ്ചാംപനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച വരെ ക്യുബെക്കില്‍ 16 അഞ്ചാംപനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.