ബ്രിട്ടീഷ് കൊളംബിയയില്‍ ഒരു ദശലക്ഷത്തിലധികം പേര്‍ നിലവില്‍ ഒരു സ്‌പെഷ്യലിസ്റ്റിനെ കാണാന്‍ കാത്തിരിക്കുകയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഡോക്ടേഴ്‌സ് ഓഫ് ബീസിയുമായി സഹകരിച്ച് കണ്‍സള്‍ട്ടന്റ് സ്‌പെഷ്യലിസ്റ്റ്‌സ് ഓഫ് ബീസി 1,000 സ്‌പെഷ്യലിസ്റ്റുകളില്‍ നടത്തിയ സര്‍വേയിലാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഗുരുതരമായ പ്രശ്‌നമാണിതെന്നും രോഗികളുടെ വെയ്റ്റ്‌ലിസ്റ്റ് പ്രതിസന്ധി തുറന്നുകാണിക്കുകയാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രവിശ്യയിലെ ഒരു സ്‌പെഷ്യലിസ്റ്റിന്റെ ശരാശരി വെയ്റ്റ്‌ലിസ്റ്റില്‍ 282 രോഗികളുണ്ടെന്നാണ് കണക്കുകള്‍. അടിയന്തര കേസുകള്‍ക്ക് നാലാഴ്ചയിലും, സെമി-അര്‍ജന്റ് കേസുകള്‍ക്ക് 10 ആഴ്ചകള്‍ക്കുള്ളിലും, അടിയന്തരമല്ലാത്ത കേസുകളില്‍ 10 മാസത്തിനുള്ളിലുമാണ് ആദ്യ കണ്‍സള്‍ട്ടേഷന്‍ നടക്കുന്നത്. തുടര്‍ന്ന് രോഗനിര്‍ണയം, ചികിത്സ, മറ്റ് നടപടിക്രമങ്ങള്‍ എന്നിവയ്ക്കായുള്ള അധിക കാത്തിരിപ്പ് സമയവും കൂടി ചേരുമ്പോള്‍ സ്‌പെഷ്യലിസ്റ്റിനെ കാണാനും ചികിത്സയ്ക്കുമായുള്ള കാത്തിരിപ്പ് സമയം വളരെയേറെ ദൈര്‍ഘ്യമേറിയതാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗികളെ മാത്രമല്ല, ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് സമയം സ്‌പെഷ്യലിസ്റ്റുകളെയും ബാധിക്കുന്നുണ്ടെന്ന് ഡോക്ടേഴ്‌സ് ഓഫ് ബീസി പ്രസിഡന്റ് ഡോ. ചാര്‍ലിന്‍ ലൂയി പ്രസ്താവനയില്‍ പറഞ്ഞു. സ്‌പെഷ്യലിസ്റ്റുകള്‍ക്ക് മേലുണ്ടാകുന്ന സമ്മര്‍ദ്ദം അവരെ തൊഴില്‍പരമായും വ്യക്തിപരമായും ബാധിക്കുന്നു. ഇത് ജോലിയില്‍ നിന്നുമുള്ള പിരിഞ്ഞുപോക്ക്, അവധിയില്‍ പ്രവേശിക്കല്‍, കുറഞ്ഞ ജീവിത നിലവാരം എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് ലൂയി ചൂണ്ടിക്കാട്ടി. സ്‌പെഷ്യലിസ്റ്റുകളില്‍ 11 ശതമാനം പേര്‍ മാത്രമേ രോഗികള്‍ക്ക് നിലവില്‍ പരിചരണം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നുള്ളൂ.
രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ജോസി ഓസ്‌ബോണ്‍ പറഞ്ഞു. പ്രവിശ്യയില്‍ മുമ്പുള്ളതിനേക്കാള്‍ സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ഡോക്ടര്‍മാരെ തങ്ങള്‍ നിയമക്കുന്നുണ്ടെന്നും ഓപ്പറേഷന്‍ റൂം കപ്പാസിറ്റി വര്‍ധിപ്പിക്കുന്നതിനായുള്ള നടപടികള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.