വിദേശ സന്ദർശനത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് മകനെയും ഭാര്യയെയും നഷ്ടപ്പെട്ട് ടൊറണ്ടോ സ്വദേശി. ഡൊമിനിയർ റിപബ്ലിക്കിൽ സന്ദർശനം നടത്തവെയാണ് ടൊറണ്ടോ സ്വദേശിയായ സ്റ്റീഫൽ ഗോഗന്‍റെ എട്ട് വയസ്സുള്ള മകനും ഭാര്യയും ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഇതേ തുടർന്ന് താമസിച്ചിരുന്ന റിസോർട്ടിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടപടികൾ തുടങ്ങിയിരിക്കുകയാണ് ഇദ്ദേഹം.
ഇനിയാർക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണ് താൻ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നതെന്ന് ഇദ്ദേഹം പറഞ്ഞു. സാധാരണക്കാരെ ഇത്തരം സംഭവങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ക്രിസ്മസിനോട് അനുബന്ധിച്ച അവധി ദിവസങ്ങളിലായിരുന്നു സംഭവം ഉണ്ടായത്. രാത്രി റിസോർട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് പിറ്റേന്ന് മുതൽ അസുഖബാധിതരാവുകയായിരുന്നു. തുടർന്ന് മെഡിക്കൽ സഹായം ആവശ്യപ്പെട്ടെങ്കിലും അതനുവദിക്കാതെ സ്വയം ആശുപത്രിയിൽ പോകാൻ നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് നിർബന്ധത്തിന് വഴങ്ങി ആശുപത്രിയിലെത്തിച്ചെങ്കിലും സമയം വൈകിയത് ആരോഗ്യസ്ഥിതി വഷളാക്കിയിരുന്നു. ഇതിനെതിരെയാണ് പത്ത് മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.