ലോകാരോഗ്യ സംഘടനയുമായി ചേർന്നുള്ള നടപടികൾക്ക് അവസാനിപ്പിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദ്ദേശം നല്കി അമേരിക്കൻ സർക്കാർ. ആഫ്രിക്കയിലടക്കം ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തൽ.
ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്ന നടപടികൾക്ക് തുടക്കമിടാൻ സ്ഥാനമേറ്റയുടൻ തന്നെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായി സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരും ഉടൻ പ്രവർത്തനം നിർത്തി വയ്ക്കാനാണ് യു.എസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഉദ്യോഗസ്ഥനായ ജോൺ എൻകെൻഗാസോങ് നിർദ്ദേശം നല്കിയത്. കൂടുതൽ മാർഗനിർദേശത്തിനായി കാത്തിരിക്കാനും വ്യക്തമാക്കിയിട്ടുണ്ട്. ആഫ്രിക്കയിൽ മാർഗബർഗ് വയറസ്, എം പോക്സ് എന്നീ പകർച്ച വ്യാധികൾക്കെതിരെ പ്രവർത്തനങ്ങളെ അമേരിക്കൻ തീരുാനം ദോഷകരമായി ബാധിച്ചേക്കും. ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു എങ്കിൽ സാവധാനത്തിലെ അത് നടപ്പാകൂ എന്നാണ് ഏവരും കരുതിയത്. എന്നാൽ ഉടൻ തന്നെയുള്ള പിന്മാറ്റം എല്ലാവരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കാരണം ലോകാരോഗ്യ സംഘടനയുടെ പ്രവർത്തന ഫണ്ടിൻ്റെ നല്ലൊരു ശതമാനവും സംഭാവന ചെയ്യുന്നത് അമേരിക്കയാണ്.