യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ശീതളപാനീയങ്ങള്‍ പിന്‍വലിച്ച് കൊക്ക കോള; തീരുമാനം ക്ലോറേറ്റ് എന്ന രാസവസ്തു ഉയര്‍ന്ന അളവില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്

By: 600007 On: Jan 29, 2025, 2:03 PM

 

ബ്രസൽസ്: ഉയർന്ന അളവിൽ ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊക്കകോളയും സ്പ്രൈറ്റും മറ്റ് ഉത്പന്നങ്ങളും തിരിച്ചുവിളിച്ച് കമ്പനി. ആരോഗ്യപരമായ കാരണങ്ങൾ മുൻനിർത്തിയാണ് കമ്പനിയുടെ ഈ നടപടി. ബെൽജിയം, നെതർലന്റ്സ്, ബ്രിട്ടൻ, ജെർമനി, ഫ്രാൻസ് ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ നവംബർ മുതൽ വിതരണം ചെയ്ത കാനുകളിലും ഗ്ലാസ് ബോട്ടിലുകളിലുമാണ് ഉയർന്ന അളവിൽ ക്ലോറേറ്റ് കണ്ടെത്തിയത്.

തിരിച്ചിവിളിച്ച ഉത്പന്നങ്ങളുടെ അളവ് എത്രയെന്ന കാര്യത്തിൽ വ്യക്തമായ കണക്കുകളില്ലെന്നും എന്നാൽ വലിയ അളവ് തന്നെ ഉണ്ടാവുമെന്നും കമ്പനി വാർത്താ ഏജൻസിയോട് വിശദീകരിച്ചു. വെള്ളം ശുദ്ധീകരിക്കാനും ഭക്ഷ്യ വസ്തുക്കൾ സംസ്കരിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്ന ക്ലോറിനിൽ നിന്നാണ് ക്ലോറേറ്റ് സംയുക്തങ്ങൾ ഭക്ഷ്യവസ്തുക്കളിൽ എത്തുന്നത്. ക്ലോറേറ്റ് ദീർഘകാലം ശരീരത്തിൽ എത്തുന്നത് കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്. ശരീരത്തിൽ അയഡിൻ കുറവുള്ള ആളുകളിലാണ് ക്ലോറേറ്റ് പ്രധാനമായും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തിയിട്ടുള്ളത്.

ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളതിൽ വിറ്റുപോകാത്ത ഉത്പനങ്ങൾ ഭൂരിഭാഗവും ഇതിനോടകം തന്നെ കടകളിൽ നിന്ന് തിരിച്ചെടുത്തതായി കമ്പനി പറയുന്നണ്ട്. അവശേഷിക്കുന്നവ കൂടി വിപണിയിൽ നിന്ന് ഉടൻ മാറ്റും. അതേസമയം ഇപ്പോൾ കണ്ടെത്തിയിട്ടുള്ള പ്രശ്നത്തിൽ നിന്ന് സംഭവിക്കാൻ സാധ്യതയുള്ള ആരോഗ്യ അപകടാവസ്ഥ വളരെ കുറവാണെന്നും കമ്പനിയുടെ ഫ്രഞ്ച് വിഭാഗം പറയുന്നത്. അതേസമയം ഈ വിഷയത്തിൽ ഉപഭോക്താക്കളിൽ നിന്ന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കമ്പനി വിശദീകരിക്കുന്നു. പ്രശ്നം കണ്ടെത്തിയിട്ടുള്ള കൊക്കകോളയും ഫൂസ് ടീയും ഫ്രാൻസിലും വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫ്രഞ്ച് വിപണിയിൽ നിന്ന് അവ പിൻവലിക്കാൻ ഇപ്പോൾ പദ്ധതിയില്ലെന്നാണ് ഫ്രാൻസിലെ കമ്പനി അധികൃതർ പറയുന്നത്.