ഫോര്‍ഡ് സര്‍ക്കാരിന്റെ റിബേറ്റ് ചെക്ക് വിതരണത്തില്‍ പ്രശ്‌നങ്ങള്‍; പരിഹരിച്ചതായി ആര്‍ബിസി 

By: 600002 On: Jan 29, 2025, 11:44 AM

 

 


'ടാക്‌സ്‌പെയര്‍ റിബേറ്റ് ചെക്ക്' എന്ന് ഒന്റാരിയോ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന റിബേറ്റ് ചെക്കുകള്‍ വിതരണം ചെയ്യുന്നതില്‍ ചില പ്രതിസന്ധികള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പ്രവിശ്യയിലെ ദശലക്ഷകണക്കിന് വരുന്ന ജനങ്ങള്‍ക്കാണ് റിബേറ്റ് ചെക്കുകള്‍ ലഭ്യമാകേണ്ടത്. ഇതില്‍ ചിലര്‍ക്ക് ചെക്കുകള്‍ മെയിലില്‍ ലഭിച്ചതിന് ശേഷം ചെക്കുകളിലെ പണം ഡെപ്പോസിറ്റ് ചെയ്യുന്നതിനും അവരുടെ അക്കൗണ്ടുകളില്‍ പണം കാണിക്കുന്നതിലും പ്രശ്‌നങ്ങള്‍ ഉണ്ടായതായി പറയുന്നു. ചെക്ക് ബൗണ്‍സായി പോകുന്നതായി മിക്കവരും പരാതിപ്പെട്ടു. 

ചെക്കുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങളെക്കുറിച്ച് ഡിപ്പാര്‍ട്ട്‌മെന്റിന് അറിയാമെന്നും പ്രശ്‌നം ആര്‍ബിസിയില്‍ അറിയിച്ചിട്ടുണ്ടെന്നും ധനമന്ത്രി പീറ്റര്‍ ബെത്‌ലെന്‍ഫാല്‍വിയുടെ ഓഫീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ചെക്കുകള്‍ നിയമാനുസൃതമാണെന്നും അര്‍ഹതപ്പെട്ടയാള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുന്നതിനും ആധികാരിത ഉറപ്പാക്കാനും ബാങ്ക് നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ആര്‍ബിസി വക്താവും അറിയിച്ചു. പ്രശ്‌നം പരിഹരിച്ചതായും ആര്‍ബിസി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് റീഫണ്ടോട് കൂടി റിബേറ്റ് അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ടെന്നും ആര്‍ബിസി പറഞ്ഞു. 

ആര്‍ബിസി ഉള്‍പ്പെടെ നിരവധി ധനകാര്യ സ്ഥാപനങ്ങളെ സര്‍ക്കാരിന് വേണ്ടി ചെക്കുകള്‍ വിതരണം ചെയ്യാന്‍ നിയോഗിച്ചിട്ടുണ്ട്. ചില ആളുകള്‍ക്ക് ആര്‍ബിസി ഉപഭോക്താക്കളല്ലെങ്കിലും പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി. എത്ര പേരെ പ്രശ്‌നം ബാധിച്ചുവെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ആര്‍ബിസി നല്‍കിയിട്ടില്ല. എന്നാല്‍ ഇത് 150 നും 200 നും ഇടയിലാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കില്ലെന്നും ആര്‍ബിസി അറിയിച്ചു.