ഫെബ്രുവരിയില്‍ ആല്‍ബെര്‍ട്ട അനുഭവിക്കുന്നത് കൊടും തണുപ്പ്; കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യത 

By: 600002 On: Jan 29, 2025, 10:08 AM

 


ശരാശരിയേക്കാള്‍ താപനില കൂടിയ മാസമായ ജനുവരിക്ക് ശേഷം ഫെബ്രുവരിയില്‍ കാലാവസ്ഥയ്ക്ക് വലിയ മാറ്റമാണ് ഉണ്ടാവുകയെന്ന് പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷകര്‍. വരും മാസത്തില്‍ കഠിനമായ തണുപ്പും കനത്ത മഞ്ഞുവീഴ്ചയുമായിരിക്കും ആല്‍ബെര്‍ട്ടയില്‍ അനുഭവപ്പെടുകയെന്ന് എണ്‍വയോണ്‍മെന്റ് കാനഡ പ്രവചിക്കുന്നു. ഈ ആഴ്ച അവസാനത്തോടെ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 

കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നതോടെ പ്രവിശ്യയില്‍ ആര്‍ട്ടിക് എയറും മഞ്ഞുവീഴ്ചയും വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ജസ്റ്റിന്‍ ഷെല്ലി പറഞ്ഞു. അടുത്തയാഴ്ച ആദ്യ ദിവസങ്ങളില്‍ താപനില കുത്തനെ കുറയുമെന്നും തിങ്കള്‍, ചൊവ്വ ദിവസങ്ങളായിരിക്കും ഏറ്റവും തണുപ്പുള്ള ദിവസങ്ങളെന്നും ഏജന്‍സി പ്രവചിക്കുന്നു. ഫെബ്രുവരിയിലുടനീളം കഠിനമായ തണുപ്പ് നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവിശ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില ശരാശരിയേക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവായിരിക്കുമെന്നും എണ്‍വയോണ്‍മെന്റ് കാനഡ പറയുന്നു.