വംശീയ വിദ്വേഷം പരത്തുന്ന ബോർഡുകൾ പ്രദർശിപ്പിച്ച യുവാക്കൾക്കായി അന്വേഷണം ഊർജ്ജിതമാക്കി ആൽബർട്ട പൊലീസ്. എഡ്മണ്ടൻ്റെ വടക്കുപടിഞ്ഞാറുള്ള സെൻ്റ് ആൽബർട്ടിലായിരുന്നു സംഭവം. മുഖം മറച്ച് കറുത്ത വസ്ത്രം ധരിച്ച് വിദ്വേഷ പ്രയോഗങ്ങൾ ഉള്ള ബോർഡുകളും പിടിച്ച് റോഡിൽ നിന്നവർക്കായാണ് തെരച്ചിൽ തുടരുന്നത്.
"വൈറ്റ് ലൈവ്സ് മാറ്റർ", "എല്ലാവരെയും നാടുകടത്തുക" എന്നിങ്ങനെയുള്ള പരാമർശങ്ങളായിരുന്നു ബോർഡുകളിൽ ഉണ്ടായിരുന്നത്.
ശനിയാഴ്ച രാവിലെയാണ് ഇതേക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ പൊലീസ് എത്തുന്നതിന് മുൻപെ യുവാക്കൾ ഓടിപ്പോവുകയായിരുന്നു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് ആർസിഎംപി അറിയിച്ചു. വിദ്വേഷ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കോർഡിനേറ്ററുടെ സഹായത്തോടെയാണ് ആർസിഎംപി അന്വേഷണം നടത്തുന്നത്. സമൂഹത്തിൽ വംശീയ വിദ്വേഷവും , വിവേചനങ്ങളും ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് RCMP വ്യക്തമാക്കി.