വാഷിങ്ടൺ: സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൈന്യത്തിൽ ഉപയോഗിച്ചുവരുന്ന ഭിന്നലിംഗ സൗഹൃദ സർവ്വനാമങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ഇതിനുള്ള നടപടി സ്വീകരിച്ചതായി അദ്ദേഹം തിങ്കളാഴ്ച വ്യക്തമാക്കി.
2016 ൽ ഒബാമയുടെ ഭരണ കാലത്ത് സൈന്യത്തിലെ ട്രാൻസ്ജെൻഡർ വിലക്ക് പിൻവലിച്ചിരുന്നു. എന്നാൽ ഈ വിലക്ക് തിരികെ കൊണ്ടുവരുമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ജെൻഡർ മാത്രമാണ് യുഎസിൽ ഉണ്ടാവുകയെന്നും ട്രംപ് അധികാരത്തിലെത്തിയപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു. തുടർന്നിങ്ങോട്ട് ട്രാൻസ് വിരുദ്ധ സമീപനങ്ങളാണ് അദ്ദേഹം സ്വീകരിക്കുന്നത്. ട്രംപിന്റെ ഇത്തരം നിലപാടുകൾ വലിയ ചർച്ചകൾക്കും എതിർപ്പുകൾക്കും ഇതിനോടകം തന്നെ കാരണമായിട്ടുണ്ട്.