ലബനനിൽ നിന്ന് പിന്മാറാൻ ഇസ്രയേൽ സേനയ്ക്കു സാവകാശം

By: 600007 On: Jan 28, 2025, 2:04 PM

 

 

 

മെയ്സൽ ജബാൽ: ഇസ്രയേൽ–ഹിസ്ബുല്ല യുദ്ധത്തിലെ വെടിനിർത്തൽ കരാർ വ്യവസ്ഥ പ്രകാരം തെക്കൻ ലബനനിൽ നിന്ന് ഇസ്രയേൽ സേന പിൻവാങ്ങുന്നതിനുള്ള സമയം ഫെബ്രുവരി 18 വരെ നീട്ടിയതായി യുഎസ് അറിയിച്ചു. കഴിഞ്ഞ നവംബറിൽ യുഎസ് മേൽനോട്ടത്തിൽ ഒപ്പുവച്ച കരാറിൽ 60 ദിവസത്തിനുള്ളിൽ തെക്കൻ ലബനനിൽ നിന്ന് ഇസ്രയേൽ സേന പൂർണമായും പിൻവാങ്ങുമെന്നു പറഞ്ഞിരുന്നു.

തെക്കൻ ലബനനിൽ ലബനന്റെ പട്ടാളത്തെ വിന്യസിക്കാൻ വൈകുന്നത് ഹിസ്ബുല്ല ഇവിടം വീണ്ടും അധീനത്തിലാക്കാൻ ഇടയാക്കുമെന്ന ഇസ്രയേലിന്റെ വാദം അംഗീകരിച്ചാണു തീയതി നീട്ടിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഇതേസമയം, വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിക്കുന്നതായി ആരോപിച്ച് ഞായറാഴ്ച തെക്കൻ ലബനനിൽ നടന്ന പ്രതിഷേധറാലിക്കു നേരെ ഇസ്രയേൽ സേന നടത്തിയ വെടിവയ്പിൽ 22 പേർ കൊല്ലപ്പെട്ടു. 124 പേർക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ 6 സ്ത്രീകളും ഒരു ലബനീസ് പട്ടാളക്കാരനുമുണ്ട്. അതിർത്തിയിലെ 20 ഗ്രാമങ്ങളിൽ പ്രതിഷേധവും സംഘർഷവുമുണ്ടായി. ഹിസ്ബുല്ല പതാകയുമായാണ് പ്രതിഷേധക്കാരെത്തിയത്.