ജനസംഖ്യയില്‍ വര്‍ധന; ഒന്റാരിയോയിലെ മൂന്നാമത്തെ വലിയ നഗരമായി ബ്രാംപ്ടണ്‍ 

By: 600002 On: Jan 28, 2025, 11:06 AM

 


ജനസംഖ്യയില്‍ മിസിസാഗയെ മറികടന്ന് ബ്രാംപ്ടണ്‍. ഇതോടെ ഒന്റാരിയോയിലെ മൂന്നാമത്തെ വലിയ നഗരമായി ബ്രാംപ്ടണ്‍ മാറി. 2020 മുതല്‍ ഏകദേശം 100,000 പേര്‍ ബ്രാംപ്ടണിലെ ജനസംഖ്യയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെ നഗരത്തിലെ നിലവിലെ ജനസംഖ്യ 791,486 ആയി ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. മിസ്സിസാഗയിലെ ജനസംഖ്യ 780,747 ആണ്.

ബ്രാംപ്ടണ്‍ മുമ്പത്തേക്കാള്‍ വേഗത്തില്‍ വളരുകയാണെന്നും രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ നഗരമാണിതെന്നും പ്രീമിയര്‍ ഡഗ്‌ഫോര്‍ഡ് ബ്രാംപ്ടണില്‍ കഴിഞ്ഞയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മിസ്സിസാഗയ്ക്കും ബ്രാംപ്ടണിനും ഇടയില്‍ ഗതാഗതത്തിന് ഭൂഗര്‍ഭ തുരങ്ക പാത നിര്‍മിക്കുന്നത് അടക്കമുള്ള പദ്ധതികളെക്കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്തു. 

ഒന്റാരിയോയിലെ നഗരങ്ങളുടെ കാര്യത്തില്‍ പീല്‍ റീജിയണ്‍ സിറ്റി ജനസംഖ്യയില്‍ ഓട്ടവയ്ക്കും(1.15 മില്യണ്‍) ടൊറന്റോയ്ക്കും(3.27 മില്യണ്‍) പിന്നിലാണ്. 2016 മുതല്‍ 2021 വരെ ജനസംഖ്യയില്‍ 10.6 ശതമാനം വര്‍ധന ഉണ്ടായപ്പോള്‍, രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള 25 മുനിസിപ്പാലിറ്റികളില്‍ അതിവേഗം വളരുന്ന നഗരമായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ബ്രാംപ്ടണെ തെരഞ്ഞെടുത്തിരുന്നു.