യുകെ സ്വദേശികളായ പ്രതിശ്രുത വധുവും പങ്കാളിയും വിയറ്റ്‌നാമിലെ വില്ലയില്‍ മരിച്ച നിലയില്‍; മെഥനോള്‍ കലര്‍ന്ന ലിമോണ്‍സെല്ലോ കുടിച്ചതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട്

By: 600002 On: Jan 28, 2025, 10:13 AM

 

 

കഴിഞ്ഞ മാസം വിയറ്റ്‌നാമിലെ വില്ലയില്‍ ബ്രിട്ടീഷ് യുവതിയെയും അവരുടെ പങ്കാളിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. മായം കലര്‍ന്ന ലിമോണ്‍സെല്ലോ കുടിച്ചതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രെറ്റ മേരി ഓട്ടേസണ്‍(33), അര്‍നോ ക്വിന്റോ എല്‍സ്(36) എന്നിവരെ ഡിസംബര്‍ 26 നാണ് ഹോയി ആനിലെ സില്‍വര്‍ബെല്‍ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. അവധിക്കാലം ആഘോഷിക്കാനായി എത്തിയതായിരുന്നു ഇവര്‍. 

ഹോം മെയ്ഡ് ലിമോണ്‍സെല്ലോയില്‍ നിന്നുമുള്ള മെഥനോള്‍ വിഷബാധ മൂലമാണ് ഒട്ടേസണും എല്‍സും മരിച്ചതെന്ന് വിയറ്റ്‌നാമീസ് പോലീസ് സ്ഥിരീകരിച്ചതായി യുകെയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്തുമസ് തലേന്ന് രാത്രി റെസ്‌റ്റോറന്റില്‍ നിന്നും രണ്ട് ബോട്ടില്‍ ലിമോണ്‍സെല്ലോ ഓര്‍ഡര്‍ ചെയ്ത ദമ്പതികള്‍ മദ്യം കഴിക്കുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. മദ്യം കഴിച്ച് അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ദമ്പതികളെ ബാര്‍ ഉടമയും അവിടെയുണ്ടായിരുന്നവരും കൂടി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും ഇരുവരും വിസമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. റെസ്‌റ്റോറന്റിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ അറസ്റ്റുകളൊന്നും നടന്നിട്ടില്ലെന്നും വിയറ്റ്‌നാം പോലീസ് പറഞ്ഞു. 

2024 നവംബര്‍ 20 ന് നോര്‍ത്തേണ്‍ ലാവോസില്‍ 19, 20 പ്രായമുള്ള ആറ് യുവാക്കള്‍ മെഥനോള്‍ അടങ്ങിയ മദ്യം കഴിച്ച് മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കാനഡ യാത്രക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.