കനേഡിയന്‍ സൈനികരില്‍ ഭൂരിഭാഗവും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Jan 28, 2025, 9:32 AM

 


കനേഡിയന്‍ സൈനികരില്‍ ഭൂരിഭാഗവും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്ന് റിപ്പോര്‍ട്ട്. സായുധ സേനയില്‍ 72 ശതമാനം സായുധസേനാംഗങ്ങളും ഈ രണ്ട് വിഭാഗങ്ങളില്‍പ്പെടുന്നവരാണെന്ന് സൈനിക നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി വര്‍ഷങ്ങളായി അമിതമായി വണ്ണംവെക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് കനേഡിയന്‍ ഫോഴ്‌സ് ഹെല്‍ത്ത് സര്‍വീസസിലെ ഉദ്യോഗസ്ഥര്‍ 2024 ജൂണില്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 

ബ്രീഫിംഗുകള്‍ പ്രകാരം, കനേഡിയന്‍ സായുധ സേനയിലെ 44 ശതമാനം ഉദ്യോഗസ്ഥരും അമിതഭാരമുള്ളവരായി കണക്കാക്കപ്പെടുന്നു. അതേസമയം, 28 ശതമാനം പൊണ്ണത്തടിയുള്ളവരായി കണക്കാക്കപ്പെടുന്നു. ഓട്ടവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷകനായ കെന്‍ റൂബിന്‍ വിവരാവകാശ നിയമത്തിലൂടെ കരസേന, നാവിക സേന, വ്യോമ സേന മേധാവികളുള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 
സിഎഎഫ് അംഗങ്ങള്‍ക്ക് കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് ബ്രീഫിംഗുകളില്‍ പറയുന്നു. എന്നാല്‍ അമിതവണ്ണമുള്ള സൈനികരുടെ നിരക്ക് കൂടുതലാണ്. രാജ്യത്തെ പുരുഷന്മാരില്‍ 68 ശതമാനം പൊണ്ണത്തടിയുള്ളവരോ അമിതഭാരമുള്ളവരോ ആണ്. അതേസമയം, സൈനികരില്‍ 78 ശതമാനം പേര്‍ അമിതവണ്ണമുള്ളവരാണെന്നാണ് കണക്കുകള്‍. കനേഡിയന്‍ സ്ത്രീകളില്‍ 53 ശതമാനം പേര്‍ പൊണ്ണത്തടിയുള്ളവരാണ്. സൈന്യത്തിലെ വനിതാ അംഗങ്ങളില്‍ 57 ശതമാനം പേരാണ് അമിത വണ്ണമുള്ളവര്‍. 

സായുധ സേനയിലെ ഗുരുതരമായ പ്രശ്‌നമാണിതെന്നും ഇതിന് പരിഹാരമായി സൈനിക ആരോഗ്യ വിദഗ്ധര്‍ വ്യായാമം, മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ദ്ദേശിക്കുന്നുണ്ട്. പരുക്കുകള്‍ സംഭവിക്കാതെ ശ്രദ്ധിക്കുകയും ശരിയായ ഉറക്കം, പോഷകാഹാരം തുടങ്ങിയവയിലൂടെയും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കുമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.