മുൻ കനേഡിയൻ സൈനികൻ ഡേവിഡ് ലാവറി താലിബാൻ തടവിൽ നിന്ന് മോചിതനായി

By: 600110 On: Jan 27, 2025, 3:18 PM

 

മുൻ കനേഡിയൻ സൈനികൻ  ഡേവിഡ് ലാവറി താലിബാൻ തടവിൽ നിന്ന് മോചിതനായി. ഡേവിഡ്  ദോഹയിൽ എത്തിയതായി ഖത്തർ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. കാബൂളിൻ്റെ പതനത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യാൻ നൂറിലധികം ആളുകളെ സഹായിച്ചത് കനേഡിയൻ ഡേവ് എന്നറിയപ്പെടുന്ന ലാവറിയാണ്. നവംബർ 11-ന് രാജ്യത്ത് വന്നിറങ്ങിയ ഇയാളെ  താലിബാൻ  പിടികൂടുകയായിരുന്നു.  

ലാവറി മോചിതനായതിൽ അതിയായ സന്തോഷമുണ്ടെന്ന്  കനേഡിയൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന ചാരിറ്റി സ്ഥാപനമായ  വെറ്ററൻസ് ട്രാൻസിഷൻ നെറ്റ്‌വർക്കിൻ്റെ (വിടിഎൻ) അഫ്ഗാൻ സപ്പോർട്ട് ഡയറക്ടർ ടിം ലെയ്ഡ്‌ലർ പറഞ്ഞു. അഫ്ഗാൻ കുടിയേറ്റക്കാരെ സുരക്ഷിതമായി കാനഡയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള വിടിഎൻ്റെ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഡേവ് അവിടെ പോയതെന്നും ലെയ്ഡ്‌ലർ പറഞ്ഞു. റേവൻ റേ കൺസൾട്ടിംഗ് സർവീസസ് എന്ന സ്വകാര്യ സെക്യൂരിറ്റി കമ്പനി നടത്തുന്ന ഡേവിഡ് ലാവെറി വർഷങ്ങളോളം അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്ന വ്യക്തിയായിരുന്നു. 2021 ഓഗസ്റ്റിൽ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങിയപ്പോൾ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഭയാർത്ഥികളുടെ രക്ഷയ്ക്കായി ഉണ്ടായിരുന്ന  കാനഡക്കാരിൽ ഒരാളായിരുന്നു ലാവറി.