കാനഡ അമേരിക്കൻ സംസ്ഥാനമാകണമെന്ന വിവാദ പരാമർശം ആവർത്തിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
കാനഡയെ താൻ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. കാനഡയിൽ തനിക്കേറെ സുഹൃത്തുക്കളുമുണ്ട്. കനേഡിയൻ ജനത തന്നെയും അമേരിക്കയെയും ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ ഇനിയും അമേരിക്കയെ ഉപയോഗപ്പെടുത്താൻ കാനഡയെ അനുവദിക്കാനാകില്ല. കാനഡയുടെ 90 ശതമാനം വ്യാപാരവും അമേരിക്കയുമായാണ്. അതേ സമയം വ്യാപാരക്കമ്മി വഴി മില്യൺ കണക്കിന് ഡോളറുകൾ അമേരിക്കയ്ക്ക് നഷ്ടമാവുകയും ചെയ്യുന്നു. അമേരിക്കയുടെ സംസ്ഥാനമായി മാറാത്ത പക്ഷം ഇനിയും കാനഡയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്നതിൽ അർത്ഥമില്ല. അമേരിക്കയുടെ ഭാഗമായാൽ കനേഡിയൻ ജനതയ്ക്ക് നികുതിയിനത്തിലും ഒട്ടേറെ പണം ലാഭിക്കാനാകും. അമേരിക്കൻ സംസ്ഥാനമായാൽ സൈനികമായി കാനഡ കൂടുതൽ സുരക്ഷിതമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.