കനേഡിയൻ ലിബറൽ പാർട്ടി നേതൃ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജൻ ചന്ദ്ര ആര്യ മത്സരിക്കില്ല. മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്ന് ലിബറൽ പാർട്ടി നേതൃത്വം അറിയിച്ചതായി ചന്ദ്ര ആര്യ പറയുന്നു. ജസ്റ്റിൽ ട്രൂഡോയ്ക്ക് പകരം മത്സരിക്കാൻ സാധ്യത കൽപ്പിച്ചിരുന്ന ഏറെ പ്രതീക്ഷയുണ്ടായിരുന്ന നേതാവായിരുന്നു നേപ്പിയൻ എം പി ചന്ദ്ര ആര്യ.
ശനിയാഴ്ചയാണ് പാർട്ടി ഇക്കാര്യം അറിയിച്ചതെന്ന് ആര്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. പാർട്ടിയുടെ തീരുമാനം നേതൃതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നുണ്ടെന്ന് ചന്ദ്ര ആര്യ പറഞ്ഞു. ഭാവി പരിപാടികൾ ആലോചിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്യ ലിബറൽ പാർട്ടി അധ്യക്ഷനാകില്ലെന്ന് പാർട്ടി വക്താവായ പാർക്കർ ലണ്ട്, സിബിസി ന്യൂസിന് അയച്ച ഇമെയിലിൽ സ്ഥിരീകരിച്ചു. ലിബറൽ പാർട്ടിയുടെ ദേശീയ നേതൃത്വ നിയമങ്ങളിലെ സെക്ഷൻ 4(c)iii പ്രകാരമാണ് ചന്ദ്രയ്ക്ക് അയോഗ്യത കണക്കാക്കുന്നത്. വ്യാഴാഴ്ച നാമനിർദ്ദേശത്തിനുള്ള സമയപരിധി അവസാനിച്ചിരുന്നു. 10 ദിവസത്തിനുള്ളിൽ പാർട്ടി സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.