ആല്‍ബെര്‍ട്ടയിലെ റിവര്‍ ക്രീ റിസോര്‍ട്ടിനെയും കാസിനോയെയും ലക്ഷ്യമിട്ട് എഐ സ്‌കാം പരസ്യങ്ങള്‍

By: 600002 On: Jan 27, 2025, 11:03 AM

 

 

എഡ്മന്റണ്‍ ഏരിയയിലുള്ള കാസിനോ സോഷ്യല്‍ മീഡിയകളില്‍ വരുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള തട്ടിപ്പുകളാണ് വര്‍ധിച്ചുവരുന്നത്. റിവര്‍ ക്രീ റിസോര്‍ട്ടിന്റെയും വെസ്റ്റ് എഡ്മന്റണിലുള്ള കാസിനോയുടെയും വ്യാജ പരസ്യങ്ങളാണ് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച് തട്ടിപ്പുകാര്‍ പണം തട്ടാന്‍ ഉപയോഗിക്കുന്നത്. 

ഒരു വ്യാജ ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിനെ പ്രൊമോട്ട് ചെയ്യാനാണ് റിസോര്‍ട്ടിനെ ഇവര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വ്യാജ സൈറ്റ് പ്രൊമോട്ട് ചെയ്യാന്‍ ഉപയോഗിക്കപ്പെടുന്ന ഒരേയൊരു നോര്‍ത്ത് അമേരിക്കന്‍ കാസിനോയല്ല തങ്ങളെന്നും ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ എജിഎല്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും റിവര്‍ ക്രീ റിസോര്‍ട്ട് വ്യക്തമാക്കി. സോഷ്യല്‍മീഡിയയില്‍ നിന്ന് വ്യാജ പരസ്യങ്ങള്‍ നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും കാസിനോ പറയുന്നു. റിവര്‍ ക്രീയെ ലക്ഷ്യമിട്ടുള്ള വ്യാജ പരസ്യങ്ങളെക്കുറിച്ച് ആല്‍ബെര്‍ട്ട ആര്‍സിഎംപി വ്യക്തമായി പ്രതികരിച്ചില്ല. എന്നാല്‍ പൊതുവെ എഐ പോലീസിന്റെ ജോലി കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്നും അഭിപ്രായപ്പെട്ടു. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും പണവും മറ്റ് വ്യക്തിഗത വിവരങ്ങളും നേടാനുള്ള തട്ടിപ്പുകാരുടെ ഏറ്റവും പുതിയ ശ്രമങ്ങളാണ് എഐയെ കൂട്ട് പിടിച്ച് നടത്തുന്ന തട്ടിപ്പുകളെന്ന് ആല്‍ബെര്‍ട്ട ആര്‍സിഎംപി കൂട്ടിച്ചേര്‍ത്തു.  

പ്രവിശ്യയിലെ ഒരേയൊരു നിയമപരമായ ചൂതാട്ട സൈറ്റാണ് Playalberta.  ഇതില്‍ വരുന്ന പരസ്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഓഫറുകളോ മറ്റോ കണ്ടാല്‍ അവ റിപ്പോര്‍ട്ട് ചെയ്യണമെന്നും റിവര്‍ ക്രീ റിസോര്‍ട്ട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.