ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച അലബാമ സ്വദേശിനിയായ 53 കാരി ടൊവാന ലൂണ്‍ലി റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. പന്നിയുടെ അവയവുമായി ലോകത്തില്‍ രണ്ട് മാസം ജീവിതം പിന്നിട്ട ലോകത്തിലെ ഒരേയൊരു വ്യക്തിയാണ് ലൂണ്‍ലി. പന്നിയുടെ വൃക്കയുമായി 61 ദിവസം പിന്നിട്ട ലൂണ്‍ലി ആരോഗ്യവതിയും കൂടുതല്‍ ഊര്‍ജ്ജസ്വലയുമാണെന്ന് ഡോക്ടര്‍മാരും പറയുന്നു. തന്റേത് പുതിയൊരു ജീവിതരമാണെന്നും താന്‍ സൂപ്പര്‍ വുമണ്‍ ആണെന്നും ലൂണി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പന്നികളുടെ വൃക്ക മാറ്റിവെക്കുന്ന മൂന്നാമത്തെയാളാണ് ലൂണ്‍ലി. നേരത്തെ വൃക്കമാറ്റി വെച്ച രണ്ട്‌പേരും മരണപ്പെട്ടിരുന്നു. വൃക്ക തകരാറിലായ ലൂണ്‍ലി 2016 മുതല്‍ ഡയാലിസിസ് ചെയ്ത് വരികയായിരുന്നു. അവയവത്തിനായി നീണ്ട കാത്തിരിപ്പുണ്ട് എന്നതിനപ്പുറം ആന്റിബോഡി പ്രശ്‌നം വൃക്ക സ്വീകരണത്തിന് തടസ്സമാകാന്‍ സാധ്യതയുണ്ടെന്ന ഡോക്ടര്‍മാരുടെ വിലയിരുത്തലും കൂടി വന്നതോടെയാണ് പന്നിയുടെ വൃക്ക സ്വീകരിക്കാന്‍ ലൂണ്‍ലി തയാറായത്.
പുതിയ അവയവം സാധാരണ മനുഷ്യന്റെ അവയവത്തിന് സമാനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. പരീക്ഷണം വിജയകരമായത് ഈ രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കാനും അവയവത്തിനായി കാത്ത് നില്‍ക്കുന്ന നിരവധി പേര്‍ക്ക് അനുഗ്രഹമാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.