'വെടിനിർത്തൽ കരാർ പ്രകാരം ഇസ്രയേൽ സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ ശക്തമായ നടപടി'; മുന്നറിയിപ്പുമായി ഹിസ്ബുള്ള

By: 600007 On: Jan 25, 2025, 3:03 PM

ബെയ്റൂട്ട്: തെക്കൻ ലെബനനിൽ സൈനിക വിന്യാസം തുടരാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ ഹിസ്ബുള്ള. വെടിനിർത്തൽ ധാരണ പ്രകാരമുള്ള 60 ദിവസം കഴിഞ്ഞും സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ ശക്തമായ നടപടിയെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്‍റെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമായി കാണുമെന്നും ഹിസ്ബുള്ള പ്രതികരിച്ചു. 

ഫ്രാൻസിന്‍റെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ കഴിഞ്ഞ നവംബറിലാണ് ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തലിന് ധാരണയായത്. ഒരു വർഷത്തോളം നീണ്ട സംഘർഷത്തിന് ഒടുവിലായിരുന്നു തീരുമാനം. ഇസ്രയേൽ സൈന്യം ലെബനനിൽ നിന്നും ഹിസ്ബുള്ളയുടെ സേന തെക്കൻ ലെബനനിൽ നിന്നും 60 ദിവസത്തിനകം പിന്മാറണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. കരാർ പ്രകാരം പിന്മാറാനുള്ള അവസാന ദിവസം ഈ വരുന്ന തിങ്കളാഴ്ചയാണ്. 

ഇസ്രായേൽ അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോ മീറ്റർ വടക്ക് ഒഴുകുന്ന ലിറ്റനി നദിയുടെ കരയിൽ നിന്ന് ഹിസ്ബുള്ള പിന്മാറണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ കരാറിലുണ്ട്. ഇസ്രയേൽ സൈന്യം ലെബനൻ അതിർത്തിയിൽ നിന്ന് പിന്മാറണമെന്നും കരാറിലുണ്ട്. അതിനിടെ സേനാ പിന്മാറ്റത്തിന് ഇസ്രയേൽ ഒരു മാസം കൂടി സമയം നീട്ടി ചോദിക്കുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം ഇസ്രയേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ സാധാരണക്കാരടക്കം 3700 പേര്‍ക്ക് ജീവൻ നഷ്ടമായെന്നാണ് ലെബനൻ പുറത്തുവിട്ട കണക്ക്. അതേസമയം വിവിധ ഏറ്റുമുട്ടലുകളിലായി 130 പേര്‍ മരിച്ചെന്നാണ് ഇസ്രായേൽ അറിയിച്ചത്. . ഇസ്രയേലിനെതിരെ 'ദൈവിക വിജയം' നേടിയെന്നും ശത്രുക്കൾക്ക് മുന്നിൽ തല ഉയർത്തിയാണ് നിൽക്കുന്നതെന്നും വെടിനിർത്തലിന് ധാരണയായതിന് പിന്നാലെ ഹിസ്ബുള്ള തലവൻ നഇം ഖാസിം പ്രതികരിച്ചത്.