ക്രിപ്‌റ്റോകറൻസി തട്ടിപ്പുകാരെ കൊണ്ട് പൊറുതിമുട്ടി ഓട്ടവ പൊലിസ്. തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട പരാതി കൂടി വരുന്നുണ്ടെങ്കിലും പണം തിരിച്ചുപിടിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊലീസ് പറയുന്നു. ഇതുവരെയുള്ള തട്ടിപ്പുകളിൽ ഉണ്ടായ ഏറ്റവും വലിയ നഷ്ടം 2 മില്യൺ ഡോളറാണ് എന്ന് പോലീസ് പറഞ്ഞു.
ക്രിപ്റ്റോ കറൻസി തട്ടിപ്പ് വലിയ രീതിയിൽ നടക്കുന്നുണ്ടെന്നും എന്നാൽ ഇതിൽ പകുതി മാത്രമേ റിപ്പോർട്ട് ചെയ്യുന്നുള്ളൂ എന്ന് ഒട്ടാവ പോലീസ് ഓർഗനൈസ്ഡ് ഫ്രോഡ് യൂണിറ്റിലെ ഡിറ്റക്ടീവായ അലക്സ് വുൾഫ് പറഞ്ഞു. തട്ടിപ്പിന് ഇരകളായവർ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ തട്ടിപ്പുകാർ ഒരു ഗ്രൂപ്പിനെ പ്രത്യേകമായി ലക്ഷ്യമിടുന്നതായി കാണുന്നതായും വുൾഫ് പറഞ്ഞു. 40 മുതൽ 60 വരെ പ്രായമുള്ള ആളുകളാണ് കൂടുതലും തട്ടിപ്പിന് ഇരയാക്കുന്നത്. സമ്പാദ്യം കൂടുതൽ ഉള്ളവരെയാണ് തട്ടിപ്പുകാർ വഞ്ചനയ്ക്ക് ഇരകളാക്കുന്നതെന്നും പൊലീസ് പറയുന്നു. എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തുന്നത്. പ്രത്യേക ക്രിപ്‌റ്റോകറൻസി പ്ലാറ്റ്‌ഫോമിൽ നിക്ഷേപിച്ച് എളുപ്പത്തിൽ പണം വാഗ്‌ദാനം ചെയ്യുന്ന പ്രമുഖരുടെ വീഡിയോകളാണ് ഇതിന് ഉപയോഗിക്കുന്നത്. ഡൊണാൾഡ് ട്രംപ്, എലോൺ മസ്‌ക്, ഡഗ് ഫോർഡ് തുടങ്ങിയവരുടെ ഡീപ് ഫേക്ക് വീഡിയോകളാണ് ഇതിനായി ഉണ്ടാക്കിയിട്ടുള്ളത്. എഐ ഉപയോഗിച്ച് നടത്തുന്ന ഇത്തരം തട്ടിപ്പുകൾ കണ്ടെത്തുക ദുഷ്കരമാണെന്നും പൊലീസ് പറയുന്നു