ഒൻ്റാരിയോയിൽ ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രീമിയർ ഡഗ് ഫോർഡ്

By: 600110 On: Jan 25, 2025, 2:02 PM

 

ഒൻ്റാരിയോയിൽ ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രീമിയർ ഡഗ് ഫോർഡ്. പീൽ മേഖലയിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള ഗവൺമെൻ്റിൻ്റെ പദ്ധതി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു  ഡഗ് ഫോർഡിൻ്റെ പ്രഖ്യാപനം. 

സഭ പിരിച്ചുവിടാൻ ശുപാർശ ചെയ്യുന്നതിനായി ജനുവരി 29-ന് ഡഗ് ഫോർഡ് ലഫ്റ്റനൻ്റ് ഗവർണർ എഡിത്ത് ഡുമോണ്ടിനെ കാണുമെന്നാണ്  വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. ഇത് സ്ഥിരീകരിക്കുന്നതായിരുന്നു ഫോർഡിൻ്റ പ്രഖ്യാപനം. ഫെബ്രുവരി 27 ന് തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഡൊണാൾഡ് ട്രംപിൻ്റെ താരിഫുകൾക്കെതിരെ പോരാടാൻ ഞങ്ങൾക്ക് ജനങ്ങളിൽ നിന്ന് പിന്തുണ വേണമെന്ന്  ഫോർഡ് പറഞ്ഞു. നമ്മുടെ കുടുംബങ്ങളെയും ജനങ്ങളെയും വ്യവസായങ്ങളെയും വലിയ തോതിൽ ബാധിച്ചേക്കാവുന്ന നടപടികൾക്കാണ് കളമൊരുങ്ങുന്നത്. ഇതിനെതിരെ പോരാടാൻ ശക്തമായൊരു ജനവിധി അനിവാര്യമാണ്. കാനഡയ്ക്ക് സ്ഥിരതയുള്ളൊരു ഫെഡറൽ ഗവൺമെൻ്റ ഇല്ലെന്നും ഒരു നേതൃത്വത്തിൻ്റെ അഭാവം ഉണ്ടെന്നും  ഫോർഡ് കൂട്ടിച്ചേർത്തു.