പാറ്റകളുടെ ശല്യം; കാല്‍ഗറിയിലെ റെസ്റ്റോറന്റ് അടച്ചുപൂട്ടാന്‍ എഎച്ച്എസ് ഉത്തരവിട്ടു 

By: 600002 On: Jan 25, 2025, 11:12 AM

 

 

പാറ്റകളുടെ ശല്യം കാരണം കാല്‍ഗറിയിലെ ചൈനാടൗണിലെ ഹോ വോണ്‍ എന്ന റെസ്‌റ്റോറന്റ് അടച്ചുപൂട്ടാന്‍ ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്(എഎച്ച്എസ്) ഉത്തരവിട്ടു. 2 അവന്യു എസ്ഇയില്‍ സ്ഥിതി ചെയ്യുന്ന ഹോ വോണ്‍ റെസ്‌റ്റേറന്റില്‍ പാറ്റകള്‍ പെരുകിയതായി കണ്ടെത്തിയതായി എഎച്ച്എസ് പറഞ്ഞു. ജനുവരി 17 നാണ് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയത്. 2022 ഫെബ്രുവരിക്കും 2025 ജനുവരിക്കും ഇടയില്‍ റെസ്റ്റോറന്റില്‍ നടത്തിയ ആറ് പരിശോധനകള്‍ക്ക് ശേഷം നിരവധി നിയമലംഘനങ്ങള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടിയെടുത്തിരിക്കുന്നത്. 

റെസ്‌റ്റോറന്റിലെ ഗ്ലൂ ബോര്‍ഡുകള്‍, ഭിത്തികള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയില്‍ പാറ്റകളെയും പാറ്റകാഷ്ഠം, മുട്ടകള്‍ എന്നിവയെയും കണ്ടെത്തിയതായി നോട്ടീസില്‍ പറയുന്നു. ലിസ്റ്റ് ചെയ്തിരിക്കുന്ന ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് ഇത്. പുറത്തേക്കുള്ള വാതിലിന്റെ അടിയിലായി വിടവ് ഉണ്ടായിരുന്നതായും ഇതിലൂടെ പാറ്റ അകത്തേക്ക് കടന്നിരുന്നതായും എഎച്ച്എസ് പറയുന്നു. റെസ്റ്റോറന്റില്‍ പെസ്റ്റ് മോണിറ്ററിംഗ് പ്രോഗ്രാം ഉണ്ടായിരുന്നില്ലെന്നും പറയുന്നു. 

പാറ്റയുടെ ശല്യം കൂടാതെ, ഭക്ഷ്യ സമ്പര്‍ക്ക പ്രതലങ്ങളില്‍ മലിനമായ തുണികള്‍, വാക്ക്-ഇന്‍ കൂളറില്‍ തറയില്‍ നേരിട്ട് സൂക്ഷിക്കുന്ന ഭക്ഷണങ്ങള്‍, പൊട്ടിയ തറകളും സീലിംഗും തുടങ്ങി ഒന്നിലധികം നിയമലംഘനങ്ങള്‍ കണ്ടെത്തി. റസ്റ്റോറന്റ് വീണ്ടും തുറക്കുന്നതിന് മുമ്പ് ശുചീകരണ പ്രവര്‍ത്തനങ്ങളും സംയോജിത കീട നിയന്ത്രണ  പദ്ധതികളും പൂര്‍ത്തിയാക്കണമെന്ന് എഎച്ച്എസ് നിര്‍ദ്ദേശിച്ചു.