സറേയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനം മോഷ്ടിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു 

By: 600002 On: Jan 25, 2025, 8:50 AM

 

 

സറേയില്‍ ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനം മോഷ്ടിച്ചതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 88 അവന്യുവിനും ഫ്രേസര്‍ ഹൈവേയ്ക്കും ഇടയിലുള്ള 160 സ്ട്രീറ്റിലുള്ള ഫ്‌ളീറ്റ്‌വുഡിലാണ് സംഭവം. കാറിലെത്തിയ രണ്ട് പേര്‍ ഡ്രൈവര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി താക്കോല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കാര്‍ മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡ്രൈവര്‍ക്ക് പരുക്കേറ്റിട്ടില്ല. എന്നാല്‍ ഡ്രൈവറുടെ നീല നിറത്തിലുള്ള 2009 സുബാരു ഇംപ്രെസ് മോഷ്ടാക്കള്‍ തട്ടിയെടുത്തു. 

അതേസമയം, വെള്ളിയാഴ്ച പുലര്‍ച്ചെ ഫ്രേസര്‍ ഹൈവേ ലാംഗ്ലി ബൈപാസിലായി രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഉള്‍പ്പെട്ട വാഹനങ്ങളിലൊന്ന് മോഷ്ടിച്ച സുബാരു ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ കാറില്‍ നിന്നും ഒരാള്‍ ഇറങ്ങിയോടിയതായി പോലീസ് പറഞ്ഞു. RCMP SPOSU  General Investigations Unit  ന്റെയും ലാംഗ്ലി ആര്‍സിഎംപിയുടെയും നേതൃത്വത്തില്‍ മോഷണവും അപകടവും സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 604-599-0502 എന്ന നമ്പറില്‍ പോലീസില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു.